സ്കൂൾ ഒളിമ്പിക്സിൽ മാറ്റുരയ്ക്കാൻ ടിവി പുരം സ്കൂളിലെ ഹോക്കി താരങ്ങൾ
1452790
Thursday, September 12, 2024 7:12 AM IST
ടിവി പുരം: കൊല്ലത്ത് നടക്കുന്ന ജൂനിയർ, സബ് ജൂനിയർ സ്കൂൾ ഒളിമ്പിക്സിൽ മാറ്റുരയ്ക്കാൻ കോട്ടയം റവന്യു ജില്ലയെ പ്രതിനിധീകരിച്ചു ടിവി പുരം ഗവൺമെന്റ് ഹയർ സെക്കൻഡറിയിലെ ഹോക്കി താരങ്ങൾ. സബ് ജൂനിയർ വിഭാഗത്തിൽ വി. ഉത്തര, അനാമിക എസ്. അഭിലാഷ്, വൈഷ്ണവി, നന്ദിത ബിനു, കെ.ആർ. അനുശ്രീ, ശ്രേയമോൾ, ജൂനിയർ വിഭാഗത്തിൽ ജനിക ജയമോൻ,പൂജ ജയൻ എന്നിവരാണ് സ്റ്റേറ്റ് സ്കൂൾ ഒളിമ്പിക്സിൽ മത്സരിക്കാൻ അർഹത നേടിയത്.
സ്കൂളിലെ വി.വി. വിപിൻകുമാറടക്കമുള്ള അധ്യാപകർ പിടിഎ, വൈക്കം ടൗൺ റോട്ടറി ക്ലബ്, കായികാധ്യാപകൻ ജോമോൻജേക്കബ്, വോളിബോൾ വെറ്ററൻ താരം ബാലകൃഷ്ണൻ മാധവശേരി തുടങ്ങിയവരുടെ സഹായങ്ങളുടെയും പ്രോത്സാഹനത്തിന്റെയും പിൻബലത്തിലാണ് കുട്ടികൾ നേട്ടങ്ങൾ കൈവരിച്ചത്.
കബഡിയിലും ഫുട്ബോളിലും മികവ് കാട്ടിയിട്ടുള്ള ടിവിപുരത്തിന്റെ കായിക പാരമ്പര്യത്തിന്റെ പിന്തുടർച്ചയായി ഹോക്കിയിലും ടിവി പുരത്തെ കുട്ടികൾ മികവ് തെളിയിക്കുകയാണ്.