ബസിനുള്ളിൽ മോഷണശ്രമം: രണ്ട് യുവതികൾ അറസ്റ്റിൽ
1452783
Thursday, September 12, 2024 7:01 AM IST
മണർകാട്: ബസിനുള്ളിൽ വച്ച് വയോധികയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ ഇതരസംസ്ഥാനക്കാരായ രണ്ടു യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ അനുശിവ (30), പാർവതി (25) എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞദിവസം രാവിലെ പതിനൊന്നോടെ സ്വകാര്യ ബസ് മണർകാട് സ്റ്റോപ്പിൽ എത്തിയ സമയം യാത്രക്കാരിയായ മാനന്തവാടി സ്വദേശിനിയായ വയോധികയുടെ കഴുത്തിൽ കിടന്ന സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു.
വിവരമറിഞ്ഞതിനെത്തുടർന്ന് മണർകാട് പോലീസ് സ്ഥലത്തെത്തുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. അനുശിവയ്ക്ക് ചിങ്ങവനം, തൃശൂർ വെസ്റ്റ്, അഞ്ചൽ, നെയ്യാർ സ്റ്റേഷനുകളിലും പാർവതിക്ക് ചിറയൻകീഴ്, കോന്നി, പത്തനംതിട്ട, ഹോസ്ദുർഗ്, അടൂർ, കുളത്തൂപ്പുഴ ഹിൽപാലസ് സ്റ്റേഷനുകളിലും ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.