കോട്ടയം മഴയില്‍ കുളിച്ചു; തുലാവര്‍ഷവും തകര്‍ക്കും
1452567
Wednesday, September 11, 2024 11:33 PM IST
കോട്ടയം: കാലവര്‍ഷത്തില്‍ ജില്ല മഴയില്‍ കുളിച്ചു. സീസണില്‍ ഇതുവരെ ലഭിക്കേണ്ട ശരാശരി മഴ കോട്ടയത്ത് പെയ്തിറങ്ങിയതായാണ് മഴമാപിനിയിലെ കണക്ക്. കാലാവസ്ഥാവകുപ്പിന്റെ കണക്കനുസരിച്ച് ജൂണ്‍ ഒന്നുമുതല്‍ കഴിഞ്ഞ ശനിവരെ 1581.2 മില്ലിമീറ്ററാണ് ജില്ലയില്‍ പെയ്തിറങ്ങിയത്. ആകെ ലഭിക്കേണ്ട മഴയില്‍ രണ്ടു ശതമാനത്തിന്റെ നേരിയ കുറവു മാത്രമാണ് നിലവിലുള്ളത്. ചെറിയ കുറവുണ്ടെങ്കിലും മഴപ്പെയ്ത്ത് വേണ്ടുവോളം കിട്ടിയ ജില്ലയായിട്ടാണു കോട്ടയത്തെ കണക്കാക്കുന്നതെന്ന് കാലാവസ്ഥാവകുപ്പ് അധികൃതര്‍ പറഞ്ഞു.
കാലവര്‍ഷം പെയ്തൊഴിയാന്‍ ഒരു മാസം ബാക്കിനില്‍ക്കെ, അധികമഴ ലഭിക്കുന്ന ജില്ലയായി കോട്ടയം മാറും. ജൂണ്‍ ആദ്യ ദിവസങ്ങളില്‍ കനത്ത മഴയായിരുന്നു ലഭിച്ചത്. പിന്നീട് ശക്തി കുറഞ്ഞു. ഓഗസ്റ്റില്‍ മിക്ക ദിവസങ്ങളിലും തകര്‍ത്തു പെയ്തു.
മികച്ച വേനല്‍മഴയ്ക്കു പിന്നാലെയാണു കാലവര്‍ഷവും കടന്നുവന്നത്. വേനല്‍മഴയിലും കോട്ടയം റിക്കാര്‍ഡ് കുറിച്ചിരുന്നു. മാര്‍ച്ച് ഒന്ന് മുതല്‍ മേയ് 31 വരെ 839.7 മില്ലിമീറ്റര്‍ പെയ്തു. സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. തീക്കോയിയിലായിരുന്നു ഏറ്റവും കൂടുതല്‍ ലഭിച്ചത്. ഈരാറ്റുപേട്ട, കോഴ, പൂഞ്ഞാര്‍, വൈക്കം, മുണ്ടക്കയം, കോട്ടയം, കുമരകം, പാമ്പാടി പ്രദേശങ്ങളും സംസ്ഥാനത്ത് കൂടുതല്‍ വേനല്‍മഴ ലഭിച്ച പട്ടികയില്‍ ഇടംപിടിച്ചിരുന്നു.
മേയ് പകുതി വരെ വേനല്‍മഴ ജില്ലയില്‍ 17 ശതമാനം കുറവായിരുന്നു. മേയ് അവസാന ആഴ്ചയിലെ കനത്ത മഴയോടെയാണ് വേനല്‍ സീസണില്‍ കോട്ടയം റിക്കാർഡിലെത്തിയത്.
കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് 11 ശതമാനം മഴക്കുറവാണ് നിലവിലുള്ളത്. 1746.9 മി.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1560.7 മഴയാണ് പെയ്തത്. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം. കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരംവരെ ന്യൂനമര്‍ദം തുടരുന്നതിനാല്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി നേരിയ- ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. സെപ്റ്റംബര്‍ 15 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.