ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും പെണ്‍കുട്ടിയുടെ അച്ഛന് അയച്ചുനല്‍കി യുവാവിന്റെ ഭീഷണി
1452533
Wednesday, September 11, 2024 7:16 AM IST
കടുത്തുരുത്തി: പ്രണയിച്ച പെണ്‍കുട്ടി വിദേശത്ത് പഠിക്കാന്‍ പോയതിന്റെ വൈരാഗ്യം തീര്‍ക്കാന്‍, ഒപ്പമുണ്ടായിരുന്നപ്പോള്‍ പകര്‍ത്തിയ സ്വകാര്യ വീഡിയോയും ചിത്രങ്ങളും പെണ്‍കുട്ടിയുടെ പിതാവിന് അയച്ചു നല്കിയ യുവാവ് അറസ്റ്റിലായി.
കടുത്തുരുത്തി പോലീസാണ് പ്രതിയെ പിടികൂടിയത്. പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തില്‍ വെര്‍ച്വല്‍ ഫോണ്‍ ഉപയോഗിച്ചു പെണ്‍കുട്ടിയുടെ പിതാവിന് ചിത്രങ്ങളും വീഡിയോയും അയച്ചു നല്കിയ പ്രതിയെയാണ് കടുത്തുരുത്തി എസ്എച്ച്ഒ ടി.എസ്. റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വെള്ളിലാപ്പള്ളി രാമപുരം സെന്റ് ജോസഫ് എല്‍പി സ്കൂള്‍ ഭാഗത്ത് താമസിക്കുന്ന പോള്‍ വില്ലയില്‍ ജോബിന് ജോസഫ് മാത്യു (19) വാണ് അറസ്റ്റിലായത്.
മാസങ്ങള്‍ക്കു മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം. കടുത്തുരുത്തി സ്വദേശിയായ പതിനെട്ടുകാരിയുടെ പിതാവിന്റെ ഫോണിലേക്കു പെണ്‍കുട്ടിയുടെ സ്വകാര്യദൃശ്യങ്ങളും ഫോട്ടോയും എത്തുകയായിരുന്നു. ഒറ്റത്തവണ മാത്രം കാണാന്‍ സാധിക്കുന്ന രീതിയില്‍ പല ദിവസങ്ങളിലും രാത്രികാലത്താണ് ചിത്രങ്ങള്‍ എത്തിയിരുന്നത്. പല നമ്പരുകളില്‍നിന്നും ചിത്രങ്ങള്‍ ലഭിച്ചതോടെ കുടുംബം അസ്വസ്ഥരായി.
ചിത്രങ്ങള്‍ വാട്സാപ്പില്‍ ലഭിച്ച ശേഷം കാണാന്‍ പിതാവ് വൈകിയാല്‍ വിദേശ നമ്പരുകളില്നിന്നടക്കം ഫോണ്‍ ചെയ്തു വീഡിയോയും ചിത്രങ്ങളും കാണാന്‍ നിര്‍ദേശിക്കുന്നതും പതിവായിരുന്നു.
ഇത്തരത്തില്‍ ശല്യം അതിരൂക്ഷമായതോടെയാണ് വീട്ടുകാര്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന്, പോലീസ് സംശയമുള്ളവരെ ഓരോരുത്തരെയായി നിരീക്ഷിച്ച് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് പ്രതിയെപ്പറ്റി സൂചന ലഭിക്കുന്നത്. കടുത്തുരുത്തി സ്വദേശിയായ 18കാരിയെ ജോബിന് ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്ന് പോലീസ് മനസിലാക്കി. തുടര്‍ന്ന് ഇരുവരും സൗഹൃദത്തിലാകുകയും ചെയ്തു.
പിന്നീട് വിദേശത്തേക്കു പഠനത്തിനായി പെണ്‍കുട്ടി പോയതിനു ശേഷമാണ് ഇത്തരത്തില്‍ പിതാവിന്റെ ഫോണിലേക്കു നിരന്തരം വീഡിയോയും ചിത്രങ്ങളും എത്തിയിരുന്നതെന്നും പോലീസ് മനസിലാക്കി. തുടര്‍ന്ന്, സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റി പോലീസിനു സൂചന ലഭിച്ചത്. ഇയാളുടെ മൊബൈല്‍ ഫോണും സ്മാര്‍ട്ട് വാച്ചും പിടിച്ചെടുത്തു പരിശോധന നടത്തിയപ്പോഴാണ് സന്ദേശം അയയ്ക്കുന്ന രീതി ഉള്‍പെടെ കണ്ടെത്തിയത്.
താനുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയെ വീട്ടുകാര്‍ നിര്‍ബന്ധിച്ചു വിദേശത്തേക്ക് അയച്ചതാണെന്നു വിശ്വസിച്ച ജോബിന് ഇതിനു പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സോഫ്റ്റ്വെയര് ടെക്നിഷനായ ജോബിന് തന്റെ പ്രതികാരം തീര്‍ക്കുന്നതിനായി യുട്യൂബിലൂടെ നോക്കി ഹാക്കിംഗ് പഠിച്ചു. തുടര്‍ന്ന് സ്വന്തം ഫോണില്‍ വെര്‍ച്വല്‍ ഫോണ്‍ സൃഷ്ടിച്ചതായി പോലീസ് പറഞ്ഞു.
തുടര്‍ന്ന് ഓരോ നമ്പരുകള്‍ ഇന്റര്‍നെറ്റില്‍നിന്നു സ്വന്തമാക്കിയ ശേഷം ഇതില്‍ വാട്സ്ആപ്പ് അക്കൗണ്ട് സൃഷ്ടിച്ച് പെണ്‍കുട്ടിയുടെ പിതാവിന് വീഡിയോയും ചിത്രങ്ങളും അയച്ചു. ഇത്തരത്തില്‍ വീഡിയോയും ചിത്രങ്ങളും പെണ്‍കുട്ടിയുടെ പിതാവ് കാണാത്ത സാഹചര്യമുണ്ടായാല്‍ പ്രതി ഇദ്ദേഹത്തെ ഫോണില്‍ വിളിച്ച് ഇവ കാണാന്‍ നിര്‍ബന്ധിക്കും. പ്രതിയുടെ ഫോണ്‍ പിടിച്ചെടുത്തതോടെയാണ് ഇതുസംബന്ധിച്ചുള്ള തെളിവുകള്‍ പോലീസിനു ലഭിച്ചത്.
വിശദമായ പരിശോധനയ്ക്കായി പ്രതിയുടെ ഫോണ്‍ ഫോറന്‍സിക് ലാബിലേയ്ക്ക് അയച്ചിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.