കെ.ആര്. നാരായണന് എക്സലന്‍സ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
1452319
Wednesday, September 11, 2024 12:07 AM IST
കോട്ടയം: കോട്ടയം സംസ്കൃതി ഫൗണ്ടേഷന് ഏഴാമത് കെ.ആര്. നാരായണന് എക്സലന്‍സ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ്, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടും കാര്‍ഡിയോ തൊറാസിക് സര്‍ജനുമായി ഡോ. കെ. ജയകുമാര്‍, മാന്നാനം കെഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ജയിംസ് മുല്ലശേരി, സിനിമാ സീരിയല്‍ താരവും സാംസ്കാരിക പ്രവര്‍ത്തകനുമായി കോട്ടയം രമേശ്, കര്‍ഷകനും സിനിമ സീരിയല്‍ നടനുമായ കൃഷ്ണപ്രസാദ് എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍. തുരുത്തിക്കാട് ബിഎഎം കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. അലക്സ് മാത്യു, ചെയര്‍മാനായും പ്രഫ. ഡോ. ഷേര്‍ളി കുര്യന്, പ്രഫ. ഡോ. റോസമ്മ സോണി എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
22നു വൈകുന്നേരം അഞ്ചിന് മാന്നാനം കെഇ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രി വി.എന്‍. വാസവന് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. കാരുണ്യ സ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനം കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപിയും കെ.ആര്. നാരായണന് അനുസ്മരണവും ഡയാലിസിസ് കിറ്റ് വിതരണവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും നിര്‍വഹിക്കും.
സംസ്കൃതി ഫൗണ്ടേഷന് പ്രസിഡന്റ് ടി.വി. സോണി അധ്യക്ഷത വഹിക്കും. മാന്നാനം ആശ്രമം പ്രിയോര്‍ ഫാ. കുര്യന് ചാലങ്ങാടി അനുഗ്രഹപ്രഭാഷണം നടത്തും. വയനാട് ദുരിതബാധിതര്‍ക്കുള്ള ഫൗണ്ടേഷന്റെ ധനസഹായം ഫൗണ്ടേഷന് ഭാരവാഹികള്‍ മന്ത്രിക്ക് കൈമാറും. തുടര്‍ന്ന് ജാസിഗിഫ്റ്റ് നയിക്കുന്ന മ്യൂസിക്കല്‍ മെഗാഷോയും ഉണ്ടായിരിക്കും.