ലഹരിയൊഴുക്കു തടയാന്‍ ഇന്നുമുതല്‍ പ്രത്യേക ഡ്രൈവ്
1452318
Wednesday, September 11, 2024 12:07 AM IST
കോട്ടയം: ഓണക്കാലത്ത് അനധികൃത മദ്യത്തിന്റെയും ലഹരിപദാര്‍ഥങ്ങളുടെയും ഒഴുക്കു നിയന്ത്രിക്കാന്‍ ഇന്നു മുതല്‍ 20 വരെ പ്രത്യേക ഡ്രൈവ് നടത്തും. വിവിധ വകുപ്പുകളുമായി സഹകരിച്ചും സംയുക്ത സ്ക്വാഡുകളുടെ നേതൃത്വത്തിലും കര്‍ശനമായ പരിശോധന നടത്തും. ജില്ലാ-താലൂക്ക് ആസ്ഥാനങ്ങളില്‍ പോലീസ്-എക്സൈസ്-റവന്യൂ വകുപ്പുകളുടെ കണ്ട്രോള് റൂമുകള്‍ ശക്തിപ്പെടുത്തും. ഇവ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ബാറുകളും മദ്യശാലകളും അനുവദനീയമായ സമയത്തു തന്നെയാണോ പ്രവര്ത്തിക്കുന്നതെന്നുറപ്പാക്കാന് പരിശോധനകള്‍ നടത്തും.
ഓണക്കാലത്തോടനുബന്ധിച്ചു ഹോട്ടലുകളില്‍ പ്രത്യേക പാര്‍ട്ടികള്‍ സംഘടിപ്പിക്കുകയാണെങ്കില്‍ പോലീസില്‍നിന്ന് അനുമതി തേടിയിരിക്കണം. മറ്റ് ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡ്രഗ്സ് കണ്‍ട്രോളറുടെ നേതൃത്വത്തില്‍ മരുന്നുകടകളില്‍ പ്രത്യേക പരിശോധന നടത്തും. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചു പ്രത്യേക പരിശോധന നടത്തും.
സ്വകാര്യവാഹനങ്ങളിലും മറ്റും മദ്യവും ലഹരിവസ്തുക്കളും കടത്തുന്നുണ്ടോ എന്നു കണ്ടെത്താന്‍ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ നേതൃത്വത്തില്‍ പോലീസും എക്സൈസുമായി സഹകരിച്ചു പ്രത്യേക പരിശോധന നടത്തും. പൊതുവിദ്യാഭ്യാസവകുപ്പ്, കൊളീജിയറ്റ് എഡ്യൂക്കേഷന്‍ എന്നിയവയുടെ നേതൃത്വത്തില്‍ ബോധവത്കരണപരിപാടികള്‍ സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി സംഘടിപ്പിക്കും. കായല്‍ മേഖലകളിലും ജില്ലാ അതിര്‍ത്തികളിലും പ്രത്യേക പരിശോധന നടത്തും. റെയില്‍വേ പോലീസുമായി സഹകരിച്ച് റെയില്‍വേ സ്റ്റേഷനുകളിലും മറ്റും പ്രത്യേകപരിശോധന നടത്തും. പോലീസ്-എക്സൈസ് വിഭാഗങ്ങളുടെ രാത്രികാല പട്രോളിംഗ് ശക്തമാക്കും.
ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലാതലത്തില്‍ എക്സൈസിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം സജ്ജമാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹൈവേ പട്രോളിംഗ് സ്ക്വാഡിനെയും അടിയന്തരഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് ജില്ലാതലത്തില്‍ മേഖല തിരിച്ച് രണ്ടു സ്ട്രൈക്കിംഗ് ഫോഴ്സ് ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.