ഓണത്തെ വരവേൽക്കാൻ വിപണികൾ ഉഷാറായി
1452271
Tuesday, September 10, 2024 10:45 PM IST
കാഞ്ഞിരപ്പള്ളി: ഓണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. മിക്കയിടങ്ങളിലും ഓണവിപണികൾ സജീവമായി. പഞ്ചായത്ത്, കൃഷിവകുപ്പ്, സർവീസ് സഹകരണ ബാങ്കുകൾ തുടങ്ങിയവയുടെ ഓണവിപണികളും പ്രവർത്തനസജ്ജമായിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷന് എതിര്‍വശത്ത് ഇന്നു മുതല്‍ 14 വരെ കൃഷിവകുപ്പിന്റെ
ഓണവിപണി നടത്തും. രാവിലെ ഒന്‍പതിന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. തങ്കപ്പന് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് സുമി ഇസ്മായില്‍ അധ്യക്ഷത വഹിക്കും. പൊതുവിപണിയേക്കാള്‍ വില നല്കി കര്‍ഷകരില്‍നിന്ന് ഉത്പന്നങ്ങള്‍ ശേഖരിച്ച് വിലക്കുറവില്‍ പച്ചക്കറികള്‍, വാഴക്കുലകള്‍, ചേന, ചേമ്പ് തുടങ്ങിയവ ലഭ്യമാക്കും.
പാറത്തോട് പഞ്ചായത്തും കൃഷിഭവനും കർഷക ഓപ്പൺ മാർക്കറ്റും സംയുക്തമായി ഓണച്ചന്ത പാറത്തോട് കർഷക ഓപ്പൺ മാർക്കറ്റിൽ ഇന്നുമുതൽ 13വരെ നടത്തും. പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലും ഇന്നുമുതൽ 13വരെ പഞ്ചായത്ത് വളപ്പിൽ ഓണച്ചന്ത പ്രവർത്തനമാരംഭിക്കും.
കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി കുരിശുകവല വെയിറ്റിംഗ് ഷെഡിന് സമീപവും ജനകീയ ഹോട്ടലിന് സമീപവുമായി രണ്ട് ഓണച്ചന്ത നാളെമുതൽ 14വരെ നടക്കും. നാളെ രാവിലെ 11.30ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ ഓണച്ചന്ത ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിലെ കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളും സംഘകൃഷിക്കാരുടെ പച്ചക്കറികളും വിലക്കുറവിൽ ലഭിക്കും.
കർഷകരിൽനിന്ന് നേരിട്ട് പച്ചക്കറികൾ സംഭരിച്ച് പൊതു വിപണിയേക്കാൾ 30 ശതമാനം വിലക്കുറവിൽ ഉപഭോക്താക്കൾക്ക് നൽകുന്ന ഓണച്ചന്ത എലിക്കുളം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കൂരാലി ഫേയ്സ് ഇക്കോ ഷോപ്പുമായി ചേർന്ന് കൂരാലിയിൽ ഇരുപ്പക്കാട്ട് ബിൽഡിംഗ്സിൽ ഇന്നു മുതൽ 14 വരെ നടക്കും. രാവിലെ 9.30ന് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് ഓണച്ചന്ത ഉദ്ഘാടനം ചെയ്യും. പച്ചക്കറി വാങ്ങാൻ വരുന്നവർ സഞ്ചികൂടി കൊണ്ടുവന്ന് സഹകരിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.
മുണ്ടക്കയം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ഓണസമൃദ്ധി ഓണച്ചന്ത ഇന്നു മുതൽ 14 വരെ നടക്കും. വില്ലേജ് ഓഫീസിനു സമീപം ഇന്നു രാവിലെ 10ന് നടക്കുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് നിർവഹിക്കും.
തിടനാട് സർവീസ് സഹകരണ ബാങ്കിന്റെ ഓണംവിപണി പ്രസിഡന്റ് തോമസ് വടകര ആദ്യ വിൽപ്പന നടത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോമി ജോർജ് പഴേട്ട്, ടോമി ഈറ്റത്തോട്ട്, സുകുമാരൻ കരോട്ടുകൊടൂർ, ബോർഡ് മെംബർമാരായ മാർട്ടിൻ ജോർജ് കണിപറമ്പിൽ, ഫിലറ്റ് മേരി ജോർജ് പേരേക്കാട്ട്, സെക്രട്ടറി മാത്യു ജോസഫ് കണ്ണാട്ടുകുന്നേൽ, ഹെഡ് ഓഫീസ് മാനേജർ ടോമി ചെറിയാൻ കുന്നയ്ക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.