പാലായില്‍ ഇന്നു "പുലി'യിറങ്ങും
1452266
Tuesday, September 10, 2024 10:45 PM IST
പാലാ: ഓണം പൊന്നോണം പാലായിലോണം ആഘോഷത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും വ്യാപാരി വ്യവസായി യൂത്ത് യൂത്ത് വിംഗിന്റെയും ആഭിമുഖ്യത്തില്‍ ഓണത്തിന്റെ വരവറിയിച്ച് ഘോഷയാത്ര ഇന്നു നടത്തും. വൈകുന്നേരം നാലിന് കൊട്ടാരമറ്റത്തുനിന്നു ചെണ്ടമേളം, പുലികളി, നാസിക് ഡോള്‍, ശിങ്കാരിമേളം എന്നിവയോടെ നടത്തുന്ന സാംസ്കാരിക ഘോഷയാത്ര പാലാ ഡിവൈഎസ്പി കെ. സദന് ഫ്ളാഗ് ഓഫ് ചെയ്യും.
വ്യാപാരിസമൂഹത്തിന് പുറമേ പാലായിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാഭ്യാസ, ആരോഗ്യ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കിംഗ്, വ്യാപാരവ്യവസായ ഗ്രൂപ്പുകള്‍, ക്ലബ്ബുകള്‍, സംഘടനകള്‍, റെസിസന്റ്സ് അസോസിയേഷനുകള്‍ തുടങ്ങിയവർ പങ്കെടുക്കും.
ഓണക്കാലത്തിന് അനുയോജ്യമായ വസ്ത്രങ്ങള്‍ അണിഞ്ഞും കലാരൂപങ്ങള്‍ അണിനിരത്തിയും പങ്കെടുക്കുന്ന എട്ടു പേരടങ്ങുന്ന ഗ്രൂപ്പുകളില്‍നിന്നു വിജയികളാകുന്ന ടീമുകള്‍ക്ക് ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സമ്മാനമായി 7,500 രൂപയും മൂന്നാം സമ്മാനമായി 5,000 രൂപയും നല്‍കും.
ളാലം പാലം ജംഗ്ഷനില്‍ നടക്കുന്ന സമ്മേളനത്തിലും സമ്മാനദാന വിതരണത്തിലും ജനപ്രതിനിധികളും രാഷ്ട്രീയ, സമൂഹിക, സാസ്കാരിക നേതാക്കളും പങ്കെടുക്കും. വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് വക്കച്ചന് മറ്റത്തില്‍, വി.സി. ജോസഫ്, ആന്റണി കുറ്റിയാങ്കല്‍, ജോണ്‍ ദര്‍ശന, എബിസണ്‍ ജോസ്, ഫ്രെഡി ജോസ്, ബൈജു കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.