റേഷന്‍ വിതരണം തടസപ്പെട്ടു; യൂത്ത് കോണ്‍ഗ്രസ് സപ്ലൈ ഓഫീസറെ തടഞ്ഞുവച്ചു
1452260
Tuesday, September 10, 2024 7:23 AM IST
ചങ്ങനാശേരി: താലൂക്കില്‍ റേഷന്‍ വിതരണം മുടങ്ങിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് സപ്ലൈ ഓഫീസറെ ഉപരോധിച്ചു. വാതില്‍പ്പടി കരാറുകാരനു യഥാസമയം സര്‍ക്കാര്‍ പണം നല്‍കാത്തത് മൂലമാണ് റേഷന്‍ മുടങ്ങിയത്. നിലവില്‍ ഒരു റേഷന്‍കടയിലും ഭക്ഷ്യധാന്യ വിതരണമില്ല. ഓണനാളുകളില്‍ ജനങ്ങള്‍ പട്ടിണികിടക്കട്ടെ എന്ന സമീപനമാണ് സര്‍ക്കാരും സപ്ലൈ ഓഫീസറും സ്വീകരിക്കുന്നതെന്നു ഭാരവാഹികള്‍ പറഞ്ഞു.
ഉപരോധസമരം ഡിസിസി നിര്‍വാഹകസമിതിയംഗം ആന്റണി കുന്നുംപുറം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ഡെന്നീസ് ജോസഫ് അധ്യക്ഷത വഹിച്ചു. വിനീഷ് മഞ്ചാടിക്കര, എബിന് ആന്റണി, അശ്വിന് ജിയോ ഏബ്രഹാം, ടോണി കൂട്ടംപേരുര്, സന്ദീപ് മാടപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.