കേംബ്രിജ് മേയര്‍ ബൈജു തിട്ടാല മലയാളികള്‍ക്ക് അഭിമാനം: പി.എസ്. ശ്രീധരന്‍പിള്ള
1452037
Monday, September 9, 2024 11:46 PM IST
കോട്ടയം: കേംബ്രിജ് മേയര്‍ അഡ്വ. ബൈജു തിട്ടാല മലയാളികള്‍ക്ക് അഭിമാനമാണെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. കോട്ടയം പൗരാവലിയുടെയും ബിസിഎം കോളജിന്റെയും സംയുക്താഭിമുഖ്യത്തില്‍ അഡ്വ. ബൈജു തിട്ടാലയ്ക്ക് സ്വീകരണം നല്‍കുന്നതിനായി കോട്ടയത്തു സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍പ്പൂക്കരയിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍നിന്നു യുകെയിലെത്തി കഠിനാധ്വാനത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയുമാണ് ബൈജു തിട്ടാല പ്രശസ്തമായ കേംബ്രിജിലെ മേയര്‍ പദവിയിലെത്തുന്നത്. അദ്ദേഹത്തിന്റെ സ്ഥാനലബ്ധി മലയാളികള്‍ക്ക് അഭിമാനനിമിഷമാണെന്നും കൂടുതല്‍ ഉയരങ്ങളിലെത്താന്‍ അദ്ദേഹത്തിന് സാധിക്കട്ടേയെന്നും ഗവര്‍ണര്‍ ആശംസിച്ചു.
ചടങ്ങില്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിച്ചു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കെഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. ജയിംസ് മുല്ലശേരി, ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍, ബിസിഎം കോളജ് പ്രിന്‍സിപ്പല്‍ ഡോ. സ്റ്റെഫി തോമസ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. ബൈജു തിട്ടാല മറുപടി പ്രസംഗം നടത്തി. പൗരാവലിയുടെ ഉപഹാരം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ബൈജു തിട്ടാലയ്ക്ക് സമ്മാനിച്ചു.