പരിസ്ഥിതിലോല പ്രദേശ പ്രഖ്യാപനം: ജനപ്രതിനിധികളുടെ യോഗം 12ന്
1452003
Monday, September 9, 2024 11:46 PM IST
ഈരാറ്റുപേട്ട: പരിസ്ഥിതിലോല പ്രദേശ പ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ ചർച്ച ചെയ്യുന്നതിനും അനാവശ്യ നിയന്ത്രണങ്ങളും നിബന്ധനകളും ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കുന്നതിനും ജനപ്രതിനിധികളുടെ യോഗം ചേരുന്നു.
12ന് ഉച്ചകഴിഞ്ഞ് 3.30ന് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ബന്ധപ്പെട്ട വില്ലേജ് പ്രദേശങ്ങളിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തിതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
പരിസ്ഥിതിലോല പ്രദേശ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ആക്ഷേപങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും ആക്ഷേപങ്ങൾ സമർപ്പിക്കേണ്ട നിർദിഷ്ട 60 ദിവസത്തിനുള്ളിൽ ശാസ്ത്രീയമായ വസ്തുതകളുടെ പിൻബലത്തോടെ ആക്ഷേപം ബോധിപ്പിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമഘട്ട പ്രദേശങ്ങൾ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവൺമെന്റ് 31നു പുറപ്പെടുവിച്ച പുതുക്കിയ വിജ്ഞാപനപ്രകാരം പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പൂഞ്ഞാർ തെക്കേക്കര, തീക്കോയി, കൂട്ടിക്കൽ വില്ലേജുകളും പരിസ്ഥിതിലോല പ്രദേശമെന്നുള്ള നിലയിൽ കാണിച്ചിരിക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ ആശങ്ക ഉയർന്നിരിക്കുകയാണ്.