അക്കരയമ്മ ആയിരങ്ങളുടെ അഭയകേന്ദ്രം: മാർ റാഫേൽ തട്ടിൽ
1451759
Sunday, September 8, 2024 11:50 PM IST
കാഞ്ഞിരപ്പള്ളി: നമ്മുടെ പൂർവപിതാക്കന്മാർക്ക് വഴികാട്ടിയായിരുന്നു അക്കരയമ്മയെന്ന് സീറോ മലബാർ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോന്പ് തിരുനാളിന്റെ സമാപനദിവസമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു മേജർ ആർച്ച്ബിഷപ്.
ആയിരങ്ങളുടെ അഭയകേന്ദ്രമാണ് പഴയപള്ളി. നമ്മുടെ പ്രതിസന്ധികളുടെ നടുവിൽ അക്കരയമ്മ ഇടപെടും. മക്കളെ തരുന്ന കർത്താവിന്റെ കൈയിൽനിന്ന് കരം നീട്ടി മക്കളെ സ്വീകരിക്കണമെന്നും നമ്മൾ ദൈവത്തിന്റെ കൈകളിലെ ഉപകരണമാണെന്നും മാർ റാഫേൽ തട്ടിൽ കൂട്ടിച്ചേർത്തു.
ഇന്നലെ രാവിലെ മുതൽ രാത്രിവരെ പഴയപള്ളിയിൽ വിശ്വാസികളുടെ പ്രവാഹമായിരുന്നു. രാവിലെ മുതൽ വിശ്വാസികൾക്ക് നേർച്ചക്കഞ്ഞി വിതരണം ചെയ്തു. വൈകുന്നേരം കുരിശടിയിലേക്കു നടന്ന പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
കത്തീഡ്രൽ വികാരി ആര്‍ച്ച്പ്രീസ്റ്റ് ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോസഫ് ആലപ്പാട്ടുകുന്നേല്‍, ഫാ. ജേക്കബ് ചാത്തനാട്ട്, റെക്ടര്‍ ഫാ. ഇമ്മാനുവേല്‍ മങ്കന്താനം എന്നിവർ നേതൃത്വം നൽകി.