റെയിൽവേ സ്റ്റേഷനിലെ ഫുട്ട് ഓവർ ബ്രിഡ്ജ് അപ്രോച്ച് റോഡുമായി ബന്ധിപ്പിക്കൽ : റെയിൽവേയുമായി ചർച്ച നടത്തുമെന്ന് ഫ്രാൻസിസ് ജോർജ് എംപി
1451682
Sunday, September 8, 2024 6:57 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലെ ഫുട്ട് ഓവർബ്രിഡ്ജ് അപ്രോച്ച് റോഡുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച് റെയിൽവേ അധികൃതരുമായി ചർച്ച നടത്തുമെന്ന് കെ. ഫ്രാൻസിസ് ജോർജ് എംപി. ഇതുസംബന്ധിച്ച് ഇന്നലെ ദീപിക പ്രസിദ്ധീകരിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു എംപി. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മൈക്കിൾ ജയിംസാണ് ദീപിക വാർത്ത എംപിയുടെ ശ്രദ്ധയിൽ പ്പെടുത്തിയത്.
മനയ്ക്കപ്പാടത്തുനിന്നുള്ള അപ്രോച്ച് റോഡിനോടു ചേർന്നാണ് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലുള്ള ഫുട്ട് ഓവർബ്രിഡ്ജ്. ഓവർബ്രിഡ്ജിന്റെ മധ്യഭാഗം തുറന്നു കൊടുത്താൽ അപ്രോച്ച് റോഡിൽനിന്ന് ഓവർ ബ്രിഡ്ജിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാം.
ഇപ്പോൾ നടക്കുന്ന വികസന പ്രവർത്തനങ്ങളിൽ ലിഫ്റ്റ്/എസ്കലേറ്റർ സംവിധാനം ഉൾപ്പെടാത്ത സാഹചര്യത്തിൽ അപ്രോച്ച് റോഡിൽനിന്ന് ഫുട്ട് ഓവർ ബ്രിഡ്ജിലേക്ക് നേരിട്ട് പ്രവേശനം അനുവദിച്ചാൽ പകുതി പടികൾ മാത്രം കയറിയാൽ മതിയാകും. പ്രായമായവരും അംഗപരിമിതരുമായ യാത്രക്കാർക്ക് ഇത് ആശ്വാസമാകും.
പിറവം റോഡ് റെയിൽവേ സ്റ്റേഷനിലും സമാനമായ സാഹചര്യം ഉണ്ടായിരുന്നു. അവിടെ അപ്രോച്ച് റോഡിൽ നിന്ന് ഫുട്ട് ഓവർബ്രിഡ്ജിലേക്ക് നേരിട്ട് പ്രവേശനം അനുവദിച്ചിട്ടുള്ളതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. വിഷയം റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും ഇതു സംബന്ധിച്ച് അധികൃതരുമായി ചർച്ച നടത്തുമെന്നും ഫ്രാൻസിസ് ജോർജ് എംപി ദീപികയോട് പറഞ്ഞു. യാത്രക്കാരുടെ സൗകര്യങ്ങളുമായി ബന്ധപ്പെട്ട മറ്റു ചില വിഷയങ്ങൾ കൂടി ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.