നഗരസഭയിൽ ഭരണകക്ഷിക്ക് തലവേദനയായി ജയമോഹൻ തുടരും
1445062
Thursday, August 15, 2024 7:48 AM IST
ഏറ്റുമാനൂർ: നഗരസഭാ വൈസ് ചെയർമാൻ കെ.ബി. ജയമോഹനെതിരേ അവിശ്വാസം രേഖപ്പെടുത്താനുള്ള ഭരണപക്ഷത്തിന്റെ നീക്കം പരാജയപ്പെട്ടു. നഗരസഭാ കൗൺസിൽ യോഗത്തിൽ ഇന്നലെ എൽഡിഎഫ്, ബിജെപി കൗൺസിലർമാർ പങ്കെടുത്തില്ല. ഇതോടെ കോറം തികയാത്തതിനെത്തുടർന്ന് അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കാനായില്ല. ഇതോടെ കേരള കോൺഗ്രസ് പ്രതിനിധിയായ ജയമോഹൻ ഭരണപക്ഷത്തിനു തലവേദനയായി തുടരും.
യുഡിഎഫിലെ ധാരണയനുസരിച്ച് കേരള കോൺഗ്രസിന് വൈസ് ചെയർമാൻ സ്ഥാനം നൽകിയിരുന്നത് ആറു മാസത്തേക്കായിരുന്നു. എന്നാൽ 2021 ജൂണിൽ കാലാവധി കഴിഞ്ഞിട്ടും സ്ഥാനമൊഴിയാൻ ജയമോഹൻ തയ്യാറായില്ല. കഴിഞ്ഞ മൂന്നരവർഷമായി സ്ഥാനത്ത് തുടരുകയാണ്. പല തവണ പാർട്ടി കത്തു നൽകിയിട്ടും ഫലമുണ്ടായില്ല.
കുറെമാസങ്ങളായി ജയമോഹനും യുഡിഎഫ് കൗൺസിലർമാരും ഇരുധ്രുവങ്ങളിലാണ്. ചെയർപേഴ്സണെതിരേ നടന്ന അവിശ്വാസ പ്രമേയത്തിൽ അദ്ദേഹം യുഡിഎഫിനെതിരായാണ് നിലപാട് സ്വീകരിച്ചത്. ഇതോടെയാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ കേരള കോൺഗ്രസും യുഡിഎഫും തീരുമാനിച്ചത്.
35 അംഗ നഗരസഭാ കൗൺസിലിൽ യുഡിഎഫ് -12, എൽഡിഎഫ് -12, ബിജെപി -ഏഴ്, സ്വതന്ത്രർ - നാല് എന്നിങ്ങനെയാണ് കക്ഷിനില. മൂന്നു സ്വതന്ത്രരുടെ പിന്തുണയിലാണ് യുഡിഎഫ് ഭരണം. ഒരു സ്വതന്ത്ര അംഗം എൽഡിഎഫിനെയും പിന്തുണയ്ക്കുന്നു. എൽഡിഎഫും ബിജെപിയും വിട്ടു നിന്നതോടെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള കോറം ഇല്ലാതെ വരികയായിരുന്നു.