ഇലവീഴാപൂഞ്ചിറയില്‍ കൈയേറ്റവും റിസോര്‍ട്ട് നിർമാണവും
1444102
Sunday, August 11, 2024 10:07 PM IST
കോട്ടയം: പ്രകൃതിരമണീയ മലയോര ടൂറിസം കേന്ദ്രമായ ഇലവീഴാപൂഞ്ചിറയില്‍ ഉദ്യോഗസ്ഥ ലോബിയുടെ ഒത്താശയോടെ കൈയേറ്റവും റിസോര്‍ട്ട് നിർമാണവും ദുരന്തഭീതി ഉണര്‍ത്തുന്നു. പൂഞ്ചിറയിലേക്ക് പുതിയതായി റോഡ് വന്നശേഷം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തകൃതിയിലാണ്. ജെസിബി ഉള്‍പ്പെടെയുളള യന്ത്രസഹായത്തോടെ കോണ്‍ക്രീറ്റ് ചെയ്ത ഇടറോഡുകള്‍ പട്ടയമില്ലാത്ത ഭൂമിയില്‍ പണി തീര്‍ത്തിരിക്കുകയാണെന്നാണ് ആക്ഷേപം.
വലിയ ദുരന്തത്തിലേക്കു നയിക്കുന്ന കൈയേറ്റവും നിര്‍മാണവുമാണ് ഇവിടെ നടക്കുന്നതെന്ന് തദ്ദേശവാസികള്‍ പയുന്നു. കൈയേറ്റ ഭൂമാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ക്കു മുമ്പില്‍ ഭയചകിതരാണ് പ്രദേശവാസികള്‍. കോട്ടയം ജില്ലയിലെ മേലുകാവ് , ഇടുക്കിയിലെ കുടയത്തൂര്‍ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് വിരമിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഭൂമി കൈയേറ്റത്തിനും റിസോര്‍ട്ട് നിര്‍മാണത്തിനുമുള്ള രേഖകള്‍ തയാറാക്കുന്നത്.
ഈ പ്രദേശങ്ങളില്‍ ജനിച്ചു വളര്‍ന്നവര്‍ക്ക് ഇനിയും ഭൂരേഖ ലഭിക്കാത്തപ്പോഴാണ് കൈയേറ്റക്കാര്‍ക്ക് നിഷ്പ്രയാസം കിട്ടുന്നത്. ഇവിടെനിന്നും മരങ്ങള്‍ വന്‍തോതില്‍ വെട്ടിക്കടത്തുന്നുണ്ട്. കുടയത്തൂര്‍ പ്രദേശത്ത് മരങ്ങള്‍ മുറിച്ചുമാറ്റി റിസോര്‍ട്ട് നിര്‍മാണം പുരോഗമിക്കുകയാണ്.
കുത്തനെയുള്ള ചെരിവിലുള്ള നിര്‍മാണങ്ങള്‍ അങ്ങേയറ്റം അപകടകരമാണെന്നിരിക്കെയാണ് വ്യാപകമായി ഇതിന് അനുമതി നല്‍കിയിരിക്കുന്നത്. ഇലവീഴാപൂഞ്ചിറയുടെ ഹൃദയമായ പൂഞ്ചിറയില്‍ പോലും കൃഷിഭൂമി എന്ന വ്യാജേന കൈയേറ്റവും കുന്നിടിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനവും ധൃതഗതിയിലാണ് നടക്കുന്നത്.
ഇല്ലാത്ത ഭൂരേഖകള്‍ സംഘടിപ്പിച്ചാണ് ഇത്തരം അനധികൃത പ്രവര്‍ത്തനങ്ങള്‍. നിയമത്തെ നോക്കുകുത്തിയാക്കി പാറക്കെട്ടുകളില്‍ പോലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ജെസിബി ഉപയോഗിച്ചാണ് പൂഞ്ചിറയില്‍ കൃഷിക്കായി ഭൂമിയൊരുക്കുന്നത്. ഉദ്യോഗസ്ഥനേതൃത്വത്തില്‍ വ്യാപകമായി ഭൂമി അളന്നുതിരിക്കുന്നതായും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
കുടയത്തൂര്‍ വില്ലേജിലും വ്യാപക കൈയേറ്റവും നിര്‍മാണവുമാണ് നടക്കുന്നത്. 90 ഡിഗ്രി ചെരിവുള്ള പാറക്കെട്ടില്‍ പോലും ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. കുടയത്തൂരിലെ നിയമവിരുദ്ധ മരം മുറിക്കലിനും മേലുകാവില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഉദ്യോഗസ്ഥ രാഷ്ട്രീയ ലോബിയുടെ ഗൂഢാലോചനയുണ്ട്.
ഇവിടെ നടക്കുന്നകൈയേറ്റങ്ങളെക്കുറിച്ച് വിജിലന്‍സ് സ്പെഷല്‍ ബ്രാഞ്ച് തുടങ്ങിയ പോലീസ് സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനോടകം പല വ്യക്തികളും നല്കിയ പരാതിയില്‍ നടപടി ഉണ്ടാകാത്തത് ഉയര്‍ന്ന രാഷ്ട്രീയ ബന്ധങ്ങള്‍ മൂലമാണെന്നും ആരോപണമുണ്ട്.
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ അധ്യക്ഷരായ ജില്ലാ കളക്ടര്‍മാര്‍, പ്രസ്തുത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അടിയന്തരമായി ഗവണ്മെന്റിന് റിപ്പോര്‍ട്ട് നല്‍കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. റവന്യു വകുപ്പും പോലീസും അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍. ഹരി ആവശ്യപ്പെട്ടു.