ആശ്വാസദൂതുമായി ഗവർണർമാർ
1431390
Monday, June 24, 2024 11:48 PM IST
ചങ്ങനാശേരി/പാന്പാടി: കുവൈറ്റിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ വീടുകള്‍ കേരള ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ളയും സന്ദര്‍ശിച്ചു. കോട്ടയത്തും കുറിച്ചിയിലും സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുവരും കുവൈറ്റില്‍ മരണമടഞ്ഞവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയത്.
പായിപ്പാട് പാലത്തിങ്കല്‍ ഷിബു വര്‍ഗീസിന്റെ വീട്ടിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഷിബുവിന്റെ ഭാര്യ റോസി, മകന് എയ്ഡന്‍ വര്‍ഗീസ്, ബന്ധുക്കള്‍ എന്നിവരെ ആശ്വസിപ്പിച്ചു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
കോട്ടയത്തെ സ്വകാര്യ പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുംവഴി വൈകുന്നേരം ആറിനാണ് ആരിഫ് മുഹമ്മദ് ഖാന് ഇത്തിത്താനം കിഴക്കേടത്ത് ശ്രീഹരിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്.
ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള രാവിലെ 11.30നാണ് ഇത്തിത്താനം കിഴക്കേടത്ത് ശ്രീഹരിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്.
പാമ്പാടി ഇടിമാലില്‍ സ്റ്റെഫിന് സാബു ഏബ്രഹാമിന്റെ വീട്ടില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എത്തി. ഇന്നലെ12നാണ് പാമ്പാടിയിലെ വാടകവീട്ടില്‍ എത്തിയത്. പത്തുമിനിറ്റ് ചെലവഴിച്ച അദ്ദേഹം സ്റ്റെഫിന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും ആശ്വസ്വിപ്പിച്ചു.