മുറിയിൽ കയറി വാതിലടച്ച് രണ്ടുവയസുകാരി; രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ
1423618
Sunday, May 19, 2024 11:04 PM IST
കാഞ്ഞിരപ്പള്ളി: മുറിയിൽ കയറി വാതിലടച്ച് രണ്ടുവയസുകാരി. പാതിരാത്രിയിൽ നെട്ടോട്ടമോടിയ വീട്ടുകാർക്ക് ഒടുവിൽ രക്ഷകരായി കാഞ്ഞിരപ്പള്ളിയിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ.
കഴിഞ്ഞ ദിവസം രാത്രി കാഞ്ഞിരപ്പള്ളി സുഖോദയ റോഡിലുള്ള വീട്ടിലാണ് സംഭവം.
രാത്രി 10.30ഓടെ മുറിയിൽ കയറി വാതിലടച്ച കുട്ടി മുറിപൂട്ടി കട്ടിലിൽ കയറിക്കിടന്ന് ഉറങ്ങുകയായിരുന്നു. കതക് തുറക്കാനാകാതെ വന്നതോടെ വീട്ടുകാർ പരിഭ്രാന്തരായി. രാത്രിയായതും കർട്ടൻ മൂലം മുറിയിലെ കാഴ്ചകൾ കാണാനാകാതെ വന്നതും വീട്ടുകാരുടെ ആശങ്ക ഇരട്ടിപ്പിച്ചു. തുടർന്ന് കുട്ടിയുടെ പിതാവ് നേരിട്ട് കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഓഫീസിലെത്തി വിവരം ധരിപ്പിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.എ. നൗഫലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി മുറിയുടെ പൂട്ട് തകർത്ത് അകത്തുകയറി. ഇതെല്ലാം നടക്കുമ്പോഴും കുട്ടി മുറിക്കുള്ളിൽ സുഖമായി ഉറങ്ങുകയായിരുന്നു. അമ്മ വന്നെടുത്തപ്പോൾ മാത്രമാണ് കുട്ടി ഉറക്കമുണർന്നത്.
കഴിഞ്ഞ ദിവസം പാറത്തോട്ടിലും സമാന രീതിയിൽ രണ്ടര വയസുള്ള കുട്ടി മുറിക്കുള്ളിൽ കയറി വാതിൽ പൂട്ടിയിരുന്നു. അന്നും ഫയർഫോഴ്സ് എത്തി പൂട്ട് പൊളിച്ചാണ് കുട്ടിയെ പുറത്തെത്തിച്ചത്.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആനന്ദ് വിജയ്, എം.കെ. സജുമോൻ, എസ്.എസ്. അരവിന്ദ്, ശരത്ചന്ദ്രൻ എന്നിവരും ഫയർഫോഴ്സ് സംഘത്തിലുണ്ടായിരുന്നു.