കാഞ്ഞിരപ്പള്ളി: ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തെരഞ്ഞെടുപ്പ് ആവേശം അവസാനഘട്ടത്തിൽ. എല്ലാ മണ്ഡലങ്ങളിലും എത്തി അവസാന പ്രചരണത്തിലാണ് സ്ഥാനാർഥികൾ. വോട്ടെടുപ്പ് ദിനം അടുക്കുന്തോറും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വളരെ പ്രസരിപ്പോടെയാണ് മുന്നേറുന്നത്. വോട്ടെടുപ്പിന് മുന്‍പുള്ള അവസാനത്തെ അവധി ദിവസമായ ഇന്നലെ ഞായറാഴ്ച പരമാവധി വോട്ടര്‍മാരെ നേരില്‍ക്കാണാനുള്ള തിരക്കിലായിരുന്നു സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും.
ആന്റോ ആന്റണിയുടെ റോഡ് ഷോ നാളെ
പാർലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി യുഡിവൈഎഫിന്റെ നേതൃത്വത്തിൽ നാളെ നിയോജകമണ്ഡലത്തിലെ ഒന്‍പത് പഞ്ചായത്തുകേന്ദ്രങ്ങളിലും വിവിധ വാദ്യമേളങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ റോഡ്ഷോ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞിരപ്പള്ളി ഇരുപത്താറാം മൈലിൽനിന്ന് ആരംഭിച്ച് രാത്രി എട്ടിന് പൊന്തൻപുഴയിൽ സമാപിക്കും.
യുഡിവൈഎഫ് നിയോജക മണ്ഡലം കൺവീനവർ കെ.എസ്. ഷിനാസിന്റെ അധ്യക്ഷതയിൽ നടന്ന യോഗം യുഡിഎഫ് കൺവീനർ ജിജി അഞ്ചാനി ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി പി.എ. ഷെമീർ,യുഡിഎഫ് ചെയർമാൻ സി.വി. തോമസുകുട്ടി, സെക്രട്ടറി മുണ്ടക്കയം സോമൻ, കോൺഗ്രസ് കറുകച്ചാൽ ബ്ലോക്ക് പ്രസിഡന്റ് മനോജ് തോമസ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് പി. ജീരാജ്, മണ്ഡലം പ്രസിഡന്റ് ബിജു പത്യാല, കെഎസ്യു ജില്ലാ പ്രസിഡന്റ് കെ.എൻ. നൈസാം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത്, നായിഫ് ഫൈസി, അസീബ് ഈട്ടിക്കൽ, എം.കെ. ഷമീർ, വിപിൻ ജോസ്, അജീഷ് തകടിയേൽ, ലിന്റു ഈഴക്കുന്നേൽ, ബിനു കുന്നുംപുറം, ഫസിലി കോട്ടവാതുക്കൽ, സെയ്ദ് എം. താജു, മുഹമ്മദ് യാസീൻ, ജോസി സെബാസ്റ്റ്യൻ, ആസിഫ് സക്കീർ, ആഷിക് ഇലാഹി, സൂരജ് തമ്പി എന്നിവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ പര്യടനം
നടത്തി ഡോ. തോമസ് ഐസക്
എൽഡിഎഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക് ഇന്നലെ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ സ്വീകരണപര്യടനം നടത്തി. രാവിലെ എട്ടിന് വെള്ളാവൂർ പഞ്ചായത്തിലെ ചില്ലാക്കുന്നിൽനിന്ന് ആരംഭിച്ച പര്യടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ സെക്രട്ടറി ബാബു ജോൺ അധ്യക്ഷത വഹിച്ചു. മണിമല, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി വകുനനേരം പട്ടിമറ്റത്ത് സമാപിച്ചു.
നൂറു കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് സ്ഥാനാർഥി ഓരോ സ്വീകരണ കേന്ദ്രങ്ങളിലും എത്തിയത്. വിവിധ കേന്ദ്രങ്ങളിൽ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, എൽഡിഎഫ് നേതാക്കളായ കെ.ജെ. തോമസ്, വി.കെ. കരുണാകരൻ, കെ.എം. രാധാകൃഷ്ണൻ, ഗിരിഷ് എസ്. നായർ, ഷെമിം അഹമ്മദ്, പി.എ. ഷാനവാസ്, തങ്കമ്മ ജോർജ്കുട്ടി, എം.എം. മാത്യു ആനിത്തോട്ടം, ഹേമലത പ്രേം സാഗർ, ജെസി ഷാജൻ, വി.ജി. ലാൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ന് പൂഞ്ഞാർ മണ്ഡലത്തിൽ സ്വീകരണപര്യടനം നടത്തും. രാവിലെ 7.30ന് എരുമേലി പഞ്ചായത്തിലെ മൂലക്കയത്തു നിന്നു ആരംഭിക്കുന്ന പര്യടനം സിപി എം സംസ്ഥാന കമ്മിറ്റി അംഗം കെ.ജെ. തോമസ് ഉദ്ഘാടനം ചെയ്യും. പാറത്തോട് പഞ്ചായത്ത്, ഈരാറ്റുപേട്ട നഗരസഭ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി വൈകുന്നേരം ചേന്നാട് കവലയിൽ സമാപിക്കും.
മുണ്ടക്കയത്ത് പര്യടനം നടത്തി അനിൽ കെ. ആന്റണി
എൻഡിഎ സ്ഥാനാർഥി അനിൽ കെ. ആന്റണിയുടെ മുണ്ടക്കയം മണ്ഡലം പര്യടനം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ജെ. പ്രമീള ദേവി ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ല പഞ്ചായത്തംഗം ഷോൺ ജോർജ് മുഖ്യപ്രഭാഷണം നടത്തി. എൻഡിഎ സ്ഥാനാർഥി അനിൽ കെ. ആന്റ്ണി,നിമസഭ ഇൻ ചാർജ് കെ.ആർ. സോജി, ബിജെപി ജില്ലാ സെക്രട്ടറി റോയ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.
അനിൽ കെ. ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർഥം തിരുവല്ല കിഴക്കൻ മുറിയിൽ കുടുംബ സംഗമം നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം അനൂപ് ആന്റണി യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി സ്പോർട്സൽ കേരള കോ കൺവീനർ വിനോദ് തിരുമൂലപുരം, സ്പോർട്സൽ ജില്ലാ കൺവീനർ രാജീവ് ചെറുകോൽ ചന്ദ്രമോഹൻ, യുവമോർച്ച തിരുവല്ല മണ്ഡലം അധ്യക്ഷൻ വിഷ്ണു, രാജേഷ് കൃഷ്ണ, വൈശാഖ്, സനൽ ഇടനാട്ടുപറമ്പിൽ, സൂരാജ്, അനിൽകുമാർ, മണിക്കുട്ടൻ, രാജേഷ്, ഷാജി, രാജൻ, സാവിത്രിയമ്മ, സതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.