സോന, ഇവള് നാടിന്റെ പ്രതീക്ഷയെന്ന് രാഹുൽ
1417243
Friday, April 19, 2024 12:06 AM IST
കോട്ടയം: രാജ്യത്തിന്റെ ഭാവി പുതിയ തലമുറയെ ആശ്രയിച്ചാണെന്നും അവരുടെ കരുതലിനായി മോദി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും വിമര്‍ശിച്ച രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരുടെ ഇടയില്‍നിന്നു സോന എന്ന ബാലികയെ വേദിക്കു മുന്നിലേക്ക് വിളിച്ചു. സോനയെപ്പോലെയുള്ള കുട്ടികളാണ് നാളത്തെ ഇന്ത്യയുടെ കരുതലെന്നും അവരുടെ ക്ഷേമം ഉറപ്പാക്കാന്‍ രാജ്യത്തിനു സാധിക്കണമെന്നും രാഹുല്‍ പറഞ്ഞു. സോനയുടെ അമ്മ ഈ കുട്ടിയുടെ സംരക്ഷണത്തിന് എട്ടുപത്തു മണിക്കൂര്‍ ദിവസവും ചെലവഴിക്കുന്നു. കൂടാതെ അത്രത്തോളം സമയം വീട്ടിലോ പുറത്തോ ജോലി ചെയ്യുന്നു. സോനയുടെ അച്ഛനും കുടുംബം പോറ്റാന്‍ ഏഴെട്ടു മണിക്കൂര്‍ ജോലി ചെയ്യുന്നു.
അര്‍ഹമായ വേതനം ഈ കുടുംബത്തിനു ലഭിക്കുന്നുണ്ടോ എന്നതാണ് പഠിക്കാനുള്ളത്. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ സോനയുടേതുള്പ്പെടെ എല്ലാ മാതാപിതാക്കള്‍ക്കും വരുമാനം ഉറപ്പാക്കും. അര്‍ഹമായ തൊഴില്‍ വേതനവും മാതാക്കള്‍ക്ക് സാമ്പത്തിക സഹായവും ലഭ്യമാക്കുകയാണ് ലക്ഷ്യം. മുന്നണിയിലെ മുന്‍നിര നേതാക്കള്‍ വിവിധ തലങ്ങളിലുള്ളവരുമായി സംവദിച്ച ശേഷമാണ് പ്രകടന പത്രിക തയാറാക്കിയതും ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നതും.