വിളക്കമാടത്തിന്റെ മേട നാടിനു കൗതുകക്കാഴ്ച
1417233
Thursday, April 18, 2024 11:33 PM IST
പാലാ: രാജ്യത്ത് ആദ്യമായി നടന്ന സര്‍വേയില്‍ നാടിന്റെ ലാന്‍ഡ് മാര്‍ക്കായി രേഖപ്പെടുത്തിയിരിക്കുന്ന വിളക്കുമാടത്തിന്റെ മേട നാടിനു കൗതുകക്കാഴ്ച. പൊന്നൊഴുകുംതോടിനു തീരത്താണ് നെല്ല് ശേഖരിച്ചു സൂക്ഷിച്ചിരുന്ന മേട ഇപ്പോഴും തനിമ കൈവിടാതെ സംരക്ഷിക്കപ്പെടുന്നത്. 250 വര്‍ഷത്തിലധികം പഴക്കമുള്ള നിര്‍മിതി ഇപ്പോഴും കാത്തുസൂക്ഷിക്കുകയാണ് ഉടമ. മീനച്ചില്‍ താലൂക്കിലെ കള്ളിവയലില്‍ കുടുംബത്തിന്റേതാണ് മേട.
1802ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ രാജ്യത്ത് പൊതുവായി ശാസ്ത്രീയ കൃത്യതയോടെ സര്‍വേ നടത്താന്‍ തുടക്കമിട്ട ഗ്രേറ്റ് സര്‍വേയില്‍ കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളുടെ അതിര്‍ത്തിയിലുള്ള പ്രദേശങ്ങളുടെ ലാന്‍ഡ്മാര്‍ക്കായി രേഖപ്പെടുത്തിയിരിക്കുന്നത് ഈ മേടയാണ്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആഭിമുഖ്യത്തില്‍ ബ്രിട്ടീഷ് കാലാള്‍പ്പട ഉദ്യോഗസ്ഥനായ വില്യം ലാംബണാണ് സര്‍വേയ്ക്ക് തുടക്കമിട്ടത്. കള്ളിവയലില്‍ കുടുംബത്തിന്റെ സ്ഥാപകനായ ചാക്കോയാണ് ഈ മേട നിര്‍മിച്ചത്.
1750ലാണ് തൊട്ടടുത്ത ഗ്രാമമായ ഇടമറ്റത്തുനിന്ന് ചാക്കോ വിളക്കുമാടത്തേക്ക് എത്തി താമസം തുടങ്ങിയത്. അതിനു ശേഷമാണ് മേട നിര്‍മിച്ചതെന്ന് പറയുന്നു. വിളക്കുമാടം വയലോലകളിലെ നെല്ല് കൊയ്തെടുത്ത് സൂക്ഷിക്കാനും പിന്നീട് തൊഴിലാളികള്‍ക്കു വിശ്രമിക്കാനും മേട ഉപയോഗിച്ചിരുന്നു.
രണ്ടു നിലകളുള്ള മേടയുടെ ഭിത്തി വെട്ടുകല്ലുകൊണ്ടും മുകള്ഭാഗം തടിയിലുമാണ് തീര്‍ത്തിരിക്കുന്നത്. മുകള്‍ നിലയില്‍ തടികൊണ്ടുള്ള മറയോടു കൂടിയ ബാല്‍ക്കണിയുമുണ്ട്. തറനിരപ്പിനു താഴെ വലിയ നിലവറക്കുഴിയുമുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് കൊയ്ത്തുതൊഴിലാളികളായി എത്തിയിരുന്നവര്‍ വിശ്രമിച്ചിരുന്നതും ഇവിടെയാണ്. മേട കാണുവാന്‍ ആളുകള്‍ എത്താറുണ്ട്. ചാക്കോയുടെ അഞ്ചാം തലമുറയിലുള്ള ടോമി ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള മേട തലമുറകളുടെ കൗതുകക്കാഴ്ചയായി സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.