കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: സമാന സംഭവങ്ങള്‍ ജില്ലയുടെ ഉറക്കം കെടുത്തുന്നു
1374428
Wednesday, November 29, 2023 7:15 AM IST
കോട്ടയം: കൊല്ലത്ത് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ക്കുള്ളിൽ കണ്ടെത്തിയത് ആശ്വാസമായെങ്കിലും സമാന സംഭവങ്ങള്‍ ജില്ലയിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞമാസം ആദ്യം മാങ്ങാനത്ത് കുട്ടികളെ വാഹനത്തിലെത്തിയ സംഘം പിന്തുടർ ന്നതായി പരാതി ഉയര്‍ന്നിരുന്നു. വിവിധ ദിവസങ്ങളിലായി മൂന്നു കുട്ടികളെ വാഹനത്തില്‍ പിന്തുടര്ന്നതായായിരുന്നു പരാതി.
മാങ്ങാനം സ്കൂളിനു സമീപമായിരുന്നു സംഭവം. വെള്ള ഇന്നോവ കാറിലെത്തിയ സംഘം ആറാം ക്ലാസ് വിദ്യാര്‍ഥി ഉള്‍പ്പെടെയുള്ളവരോടാണ് വീട്ടിലെത്തിക്കാമെന്നു പറഞ്ഞ് കാറില്‍ കയറ്റാന്‍ ശ്രമിച്ചത്.
മൂന്നു ദിവസങ്ങളിലായി രണ്ട് ആണ്‍കുട്ടികളോടും ഒരു പെണ്‍കുട്ടിയോടും ഇതേ കാര്യം പറഞ്ഞിരുന്നു. വാഹനത്തില്‍ സ്ത്രീ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നതായി രക്ഷിതാക്കള്‍ പറയുന്നു. സംഭവത്തില്‍ പഞ്ചായത്ത്, സ്കൂള്‍ അധികൃതരെ നാട്ടുകാര്‍ വിവരം അറിയിച്ചിരുന്നു. ഈസ്റ്റ് പോലീസ് അന്വേഷണം നടത്തിയിരുന്നുവെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിരുന്നില്ല. കുട്ടികളുടെ സമീപം കാര്‍ നിര്‍ത്തിയശേഷം വീട്ടില്‍ ഇറക്കിത്തരാമെന്നു കുട്ടികളോട് കാറിനുള്ളിലുണ്ടായിരുന്നവര്‍ പറഞ്ഞതായാണ് നാട്ടുകാര്‍ പറയുന്നത്.
സ്കൂളില്‍നിന്നു വീട്ടിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടിയോട്, അച്ഛന് ഓഫീസിലല്ലേ വീട്ടിലെത്തിക്കാമെന്നു കാറിലുണ്ടായിരുന്നവർ പറഞ്ഞു. ഇതോടെ ഭയന്നുപോയ കുട്ടി സംഭവ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി കാമറകളും പരിശോധിച്ചിരുന്നു. സ്കൂളില്‍നിന്നു മടങ്ങുന്ന കുട്ടികളെ ഭയപ്പെടുത്തുന്നതായി പരാതിയുണ്ട്. മാങ്ങാനത്തു കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്കൂള്‍ വിദ്യാര്‍ഥികളെ ഭയപ്പെടുത്തുന്ന സംഘം ചുറ്റിത്തിരിയുന്നയാതി പരാതിയുണ്ട്. ഇതുസംബന്ധിച്ചു വിജയപുരം പഞ്ചായത്ത് അംഗം നന്ദു കൃഷ്ണന് ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
കുട്ടികള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
ജില്ലയില്‍ കുട്ടികള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജൂലൈ 31 വരെയുള്ള പോലീസിന്റെ കണക്കുപ്രകാരം ഈ വര്‍ഷം 115 കേസുകള്‍ ജില്ലയിലുണ്ടായി. അഞ്ചു തട്ടിക്കൊണ്ടുപോകല്‍ ശ്രമം, 34 മാനഭംഗശ്രമം എന്നിവയുണ്ടായതായാണ് ജില്ലാ പോലീസിന്റെ വെബ്സൈറ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.