വര്‍ഷം ഒന്നായില്ല; കോട്ടയം കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ചോര്‍ന്നൊലിക്കുന്നു
1339937
Monday, October 2, 2023 2:11 AM IST
കോട്ടയം: ആധുനിക രീതിയില്‍ നിര്‍മിച്ച കോട്ടയം കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ചോര്‍ന്നൊലിക്കുന്നു. ഉദ്ഘാടനം നടത്തി ഒരു വര്‍ഷം തികയുന്നതിനു മുന്‍പു തന്നെ കെട്ടിടത്തില്‍ ചോര്‍ച്ച. യാത്രക്കാര്‍ ഇരിക്കുന്ന ഭാഗമാണു ചോരുന്നത്.
മഴ വെള്ളം ഒലിച്ചിറങ്ങുന്നതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായി വൈദ്യുതി മുടങ്ങുന്നതും പതിവായിരിക്കുകയാണ്. മഴ പെയ്താല്‍ ടെര്‍മിനലില്‍ വൈദ്യുതി ഇല്ലാത്ത അവസ്ഥയാണ്. രാത്രിയിലാണ് ഇത് ഏറെ ദുരിതമുണ്ടാക്കുന്നത്.
വയറിംഗിനുള്ളില് വെള്ളം കയറി ഷോര്‍ട്ട് ആകുന്നതാണ് വൈദ്യുതി മുടങ്ങാന്‍ കാരണമാകുന്നത്. ജനറേറ്റര്‍ സംവിധാനം ഇല്ലാത്തതിനാല്‍ ഇരുട്ടത്ത് ഇരിക്കേണ്ട സ്ഥിതിയാണ്. ഭിത്തികള്‍ നിർമിച്ച സ്ലാബുകള്‍ പലസ്ഥലത്തും പൊട്ടിക്കീറി.
ചെലവ് കുറഞ്ഞ മാതൃകയായ പ്രീ-ഫാബ് രീതിയിലാണ് ടെര്‍മിനല്‍ നിര്‍മിച്ചത്. ഭാഗങ്ങൾ ഒരിടത്ത് തയാറാക്കിയശേഷം കെട്ടിടം നിർമിക്കേണ്ടിടത്ത് എത്തിച്ചു കൂട്ടിയോജിപ്പിക്കുന്ന രീതിയാണിത്. യുപിവിസി (പ്ലാസ്റ്റിക് ഇല്ലാത്ത പിവിസി), ഡബ്ല്യുപിവിസി, എംഎസ് ഫ്രെയിം എന്നീ വസ്തുക്കളാണ് പ്രീ-ഫാബില്‍ ഉപയോഗിക്കുന്നത്.
ആര്‍സിസി മേല്‍ക്കൂരയാണ് ടെര്‍മിനലിന് ഉപയോഗിച്ചിരിക്കുന്നത്. കനംകുറഞ്ഞ സ്ലാബുകള്‍ പാകിയ ശേഷം കോണ്‍ക്രീറ്റ് മിശ്രിതം മുകളില്‍ നിരത്തുന്നതാണ് ഈ രീതി. എന്നാല്‍ ഇവിടെ സ്ലാബുകള്‍ക്ക് മുകളില്‍ സിമന്റ് കലക്കി (ഗ്രൗട്ട്) ഒഴിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്ന് ആരോപണമുണ്ട്.
ഭിത്തിയും സ്ലാബ് ഉപയോഗിച്ച് തിരിച്ചിരിക്കുകയാണ്. തൂണുകൾ സ്ഥാപിച്ചശേഷം ഇതിനിടയില്‍ സ്ലാബ് ഉപയോഗിച്ച് മുറി തിരിക്കുകയായിരുന്നു. ആണിപോലും ഇതില്‍ അടിക്കാന്‍ കഴിയില്ല.
കനമില്ലാത്ത സ്ലാബായതിനാല്‍ വലിയ വാട്ടര്‍ ടാങ്ക് സ്ഥാപിക്കാനും കഴിയില്ല.
ടെര്‍മിനലില്‍ നേരത്തേ 2000 ലിറ്ററിന്റെ വാട്ടര്‍ ടാങ്ക് ആണ് ഉപയോഗിച്ചിരുന്നത്. എന്നാലിപ്പോള്‍ 500 ലിറ്ററിന്റെ ടാങ്കാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് ടെർമിനലിൽ വെള്ളത്തിന്റെ കാര്യത്തിലും പ്രതിസന്ധി സൃഷ്ടിക്കുന്നു.
2022 ഒക്ടോബറിലായിരുന്നു ടെര്‍മിനലിന്റെ ഉദ്ഘാടനം. 1.81 കോടി രൂപ ഉപയോഗിച്ചാണ് ബസ് ടെര്‍മിനല്‍ നിര്‍മിച്ചത്. താത്കാലിക ആശ്വാസം എന്ന നിലയിലാണ് ടെര്‍മിനല്‍ നിര്‍മിച്ചത്. എന്നാല്‍ ഇപ്പോള്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നത് സംബന്ധിച്ച ആലോചനകള്‍പോലും നിലച്ച മട്ടാണ്.