കണ്ടനെ കണ്ടവരുണ്ടോ...? 10,000 പാരിതോഷികം
1339654
Sunday, October 1, 2023 6:24 AM IST
കുമളി: വീട്ടമ്മയുടെ കണ്ടൻപൂച്ചയെ കണ്ടവരുണ്ടോ എന്ന പോസ്റ്റർ വൈറലാകുന്നു.
എറണാകുളം സ്വദേശിനിയായ വീട്ടമ്മയുടെ വളർത്തുപൂച്ചയെ കണ്ടെത്തുന്നവർക്കാണ് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. കുമളി ടൗണിലെ വ്യാപാര സ്ഥാപനങ്ങളുടെയും പൊതു സ്ഥലത്തെയും ചുമരുകളിൽ പൂച്ചയുടെ ഫോട്ടോ പതിപ്പിച്ച് അന്വേഷണം നടത്തുന്ന വീട്ടമ്മ ഇന്നലെ നോട്ടീസടിച്ച് പത്രങ്ങൾക്കൊപ്പം വിതരണവും ചെയ്തു. നോട്ടീസിലാണ് പൂച്ചയെ കുഴപ്പംകൂടാതെ തിരികെ എത്തിക്കുന്നവർക്ക് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.
കണ്ടൻപൂച്ചയെ കണ്ടെത്താൻ എളുപ്പമാർഗമുണ്ട്. അവനെക്കുറിച്ചുള്ള അടയാളവും നൽകിയിട്ടുണ്ട്. ചെന്പൻ നിറത്തിൽ കടുപ്പമുള്ള ചെന്പൻ വരകൾ, മുഖത്തും അടിവയറ്റിലും കാലിലും വെളുപ്പ്, നീളമുള്ള ചെവികൾ, ഇരു കണ്ണുകൾക്കും മുകളിൽ രണ്ടു വീതം നീണ്ട വെളുത്ത പുരികങ്ങൾ, ചെന്പൻ കണ്ണുകൾക്കു ചുറ്റും ഇന്പമായി കറുപ്പിൽ കണ്ണെഴുതി, കോണ്കണ്ണിൽനിന്നു നീണ്ട ചെന്പൻ വരയും റോസ് നിറത്തിലുള്ള മുക്കിനു കീഴെ നീണ്ട വെളുത്ത കൊന്പൻ മീശ. ഇതാണ് തിരിച്ചറിയൽ അടയാളങ്ങൾ.
ഓഗസ്റ്റ് 28നാണ് ചികിത്സക്കായി കുമളിയിലെത്തിയ വീട്ടമ്മ ഒപ്പം കൂട്ടിയിരുന്ന രണ്ടര വയസുള്ള കണ്ടൻപൂച്ചയെ കാണാതായത്. അന്നുമുതൽ പൂച്ചയ്ക്കായി തെരച്ചിൽ നടത്തുകയായിരുന്നു. കണ്ടൻപൂച്ചയെ കണ്ടെത്തുന്നവർ 8075632258, 8157849400 എന്നീ ഫോണ് നന്പരുകളിൽ ബന്ധപ്പെടണേ.
അതേസമയം, കണ്ടൻ കാടുകയറി കാമുകിയും പിള്ളാരുമായി വളർത്തമ്മയ്ക്ക് സമ്മാനമായി വരുമെന്നാണ് നാട്ടുപറച്ചിൽ.