നേരേകടവ്-മാക്കേക്കടവ് കായൽപാലത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം
1339640
Sunday, October 1, 2023 6:23 AM IST
വൈക്കം:നിർമാണം നിലച്ച നേരേകടവ്-മാക്കേകടവ് കായൽ പാലത്തിന്റെ പൂർത്തീകരണത്തിനായി പിഡബ്ല്യുഡി സമർപ്പിച്ച പുതിയ എസ്റ്റിമേറ്റിന് ധനകാര്യ വകുപ്പിന്റെ അംഗീകാരം. അടുത്ത കാബിനറ്റിൽ ഫയൽ സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കുമെന്ന് സി.കെ.ആശ എംഎൽഎ പറഞ്ഞു.
ആലപ്പുഴ - കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് വേമ്പനാട്ടുകായലിനു കുറുകെ നേരേകടവ് - മാക്കേകടവ് ഫെറിയിലാണ് പാലം നിർമിക്കുന്നത്. പുതിയ എസ്റ്റിമേറ്റ് തുകയ്ക്കു പുറമേ പത്ത് ശതമാനം വർധനവും വരുത്തിയാണ് 2018ലെ നിരക്കിൽ കരാർ നൽകുന്നത്. നിർമാണം നിലച്ചിട്ട് ആറു വർഷത്തോളമായതിനാൽ കരാറുകാരനുണ്ടായ നഷ്ടംകൂടി കണക്കിലെടുത്താണ് പത്ത് ശതമാനം വർധന. പത്ത് ശതമാനം വർധനവിൽ പാലം പൂർത്തിയാക്കാൻ തയ്യാറാണെന്നാണ് നിലവിലെ കരാറുകാരൻ പി ഡബ്ല്യുഡി സെക്രട്ടറിയെ അറിയിച്ചത്.
സർക്കാർ അംഗീകാരം ലഭിച്ചാൽ ഉടൻ തുക അനുവദിച്ചു പാലം നിർമാണം ത്വരിതഗതിയിൽ പൂർത്തിയാക്കാമെന്നാണ് ധനകാര്യ -പൊതുമരാമത്ത് മന്ത്രിമാർ ഉറപ്പു നൽകിയത്. സമീപ റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതിലെ തർക്കമാണ് പാലം നിർമാണം മുടങ്ങാനിടയാക്കിയത്. 2015ൽ ഡിസൈൻഡ് ടെണ്ടർ മുഖേനയാണ് നിർമാണ കരാർ നൽകിയത്. 2016 മുതൽ പിഡബ്ല്യുഡി പ്രൈസ് എന്ന സോഫ്റ്റ് വേർ മുഖേന ഡൽഹിയിലെ റേറ്റിലാണ് എസ്റ്റിമേറ്റ് തയാറാക്കുന്നത്. ഡിസൈൻഡ് ടെണ്ടർ പിഡബ്ല്യുഡി അവസാനിപ്പിച്ചതടക്കമുള്ള സാങ്കേതിക പ്രശ്നങ്ങൾ പാലം നിർമാണം നിലയ്ക്കാൻ ഇടയാക്കി.