കൊച്ചുസാർ വിടവാങ്ങി വിടവാങ്ങിയത് ജില്ലയിലെ മുതിർന്ന സഹകാരി
1339510
Sunday, October 1, 2023 12:37 AM IST
പൊൻകുന്നം: പൊന്‍കുന്നം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ചെന്നാക്കുന്ന് തുണ്ടത്തിൽ ടി. ജോസഫ് (91)എന്ന കൊച്ചുസാർ വിടവാങ്ങി.ജില്ലയിലെ തന്നെ മുതിർന്ന സഹകാരികളിലൊരാളാണ് കൊച്ചുസാർ. ബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെ നിറവിൽ നിൽക്കെയാണ് അപ്രതീക്ഷിതമായി പ്രസിഡന്റിന്റെ വിയോഗം.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് ബാങ്കിന്റെ 99ാംവാർഷിക പൊതുയോഗം നടക്കാനിരിക്കെയാണ് രാവിലെ എട്ടോടെ കൊച്ചു സാറിന്റെ മരണവാർത്ത സഹപ്രവർത്തകർക്കും സഹകാരികൾക്കും നൊമ്പരമായെത്തിയത്.
പൊൻകുന്നം എസ്എച്ച് യുപി സ്കൂളില്‍ ദീര്‍ഘകാലം അധ്യാപകനായി സേവനം അനുഷ്ഠിച്ച ഇദ്ദേഹം നിരവധി ശിഷ്യ സമ്പത്തിന് ഉടമയായിരുന്നു. ബാങ്കിന്റെ ഇടപാടുകാരിൽ ഏറെയും ഇദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു. കൊച്ചുസാർ 33 കൊല്ലക്കാലം ബാങ്കിന്റെ ഭരണ സാരഥ്യത്തിൽ നിറസാന്നിധ്യമായിരുന്നു.
1990 മുതല്‍ ബാങ്ക് ഭരണസമിതിയംഗം, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2003 മുതല്‍ ബാങ്കിന്റെ പ്രസിഡന്റായി പ്രവർത്തിച്ചു വരുന്നു.
1985- 90 കാലഘട്ടങ്ങളിൽ മീനച്ചില്‍ കാര്‍ഷിക വികസന ബാങ്ക് ബോര്‍ഡംഗം, സിവൈഎംഎ സെക്രട്ടറി, കാഞ്ഞിരപ്പള്ളി പാസ്റ്ററൽ കൗൺസിൽ അംഗം, ദീർഘകാലം പൊൻകുന്നം തിരുക്കുടുംബ ദേവാലയം ട്രസ്റ്റി എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചു.