മഴ ശക്തം: മലയോര മേഖല ആശങ്കയിൽ
1339507
Sunday, October 1, 2023 12:37 AM IST
കാഞ്ഞിരപ്പള്ളി: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയുടെ കിഴക്കൻ മലയോര മേഖല ആശങ്കയിൽ. മണ്ണിടിച്ചിലടക്കം ഉണ്ടാകുമോയെന്ന ഭീതിയിലാണ് പ്രദേശവാസികൾ. ദിവസങ്ങളായി തുടരുന്ന മഴ മലയോര മേഖലയെ വലിയ ആശങ്കയിലാഴ്ത്തുകയാണ്. വരുംദിവസങ്ങളിലും മഴ തുടരും എന്ന കാലാവസ്ഥ മുന്നറിയിപ്പ് കൂടി എത്തിയതോടെ ഈ ആശങ്ക വർധിച്ചിട്ടുമുണ്ട്.
നിലവിൽ മഴ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടില്ല. എന്നാൽ, തുടർച്ചയായി മഴതുടർന്നാൽ മണ്ണിടിച്ചിലടക്കം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. അതിതീവ്ര മഴ ഉരുൾപൊട്ടലിനും ഇടയാക്കുമെന്ന ആശങ്കയുമുണ്ട്.
മണിമലയാറിലും ചിറ്റാർപുഴയിലും ക്രമാതീതമായി ജലനിരപ്പുയർന്നിട്ടുണ്ട്. കൈതോടുകൾ നിറഞ്ഞു കവിഞ്ഞൊഴുകുന്ന സ്ഥിതിയുണ്ട്. പലയിടങ്ങളിലെയും റബർ തോട്ടങ്ങളിലടക്കം വെള്ളം കയറിയ നിലയിലാണ്.
പാഴ് വസ്തുക്കൾ കെട്ടിക്കിടക്കുന്നു
ഉപയോഗം കഴിഞ്ഞു പുഴയിലേക്ക് വലിച്ചെറിഞ്ഞ ചെറുതും വലുതുമായ പ്ലാസ്റ്റിക്ക് കുപ്പികളും കൂടുകളും അടങ്ങുന്ന പാഴ് വസ്തുക്കൾ പഴയിടം പാലത്തിൽ വലിയ തോതിലാണ് കെട്ടിക്കിടക്കുന്നത്. തടിക്കഷണമടക്കമുള്ളവ തങ്ങിക്കിടക്കുന്നതിനാൽ പാലത്തിന്റെ തൂണുകൾക്കു ബലക്ഷയം ഉണ്ടാക്കാൻ സാധ്യതയേറെയാണ്.
ഒന്നിടവിട്ട നേരങ്ങളിൽ അതി ശക്തമായ മഴയാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. ഇങ്ങനെ പെയ്യുന്ന മഴമൂലം ആറുകളിലെയും തോടുകളിലെയും ജലനിരപ്പ് നോക്കിനിൽക്കെ ഉയരും. കൂടാതെ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും ഇടയാക്കും എന്ന് ആശങ്ക ഉയരുന്നുണ്ട്.
2021ൽ ഇങ്ങനെ പെയ്ത മഴയാണ് കൂട്ടിക്കൽ, മുണ്ടക്കയം മേഖലയെ ദുരിതത്തിലാഴ്ത്തിയത്. പെരുവന്താനം മുതൽ കുട്ടിക്കാനം വരെയുള്ള ഭാഗത്താണ് മണ്ണിടിച്ചിൽ ഭീഷണി ഏറെയുള്ളത്. ഇവിടങ്ങളിൽ പലയിടത്തും ചെറിയ തോതിൽ മണ്ണിടിഞ്ഞ് തുടങ്ങിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ രാത്രികാല യാത്ര ഒഴിവാക്കുകയാണ് യാത്രക്കാരിലേറെയും.
സംരക്ഷണ ഭിത്തി തകർന്നു
കനത്ത മഴയിൽ കുരിശുങ്കലിലുള്ള ഭാരത് പെട്രോളിയം പെട്രോൾ പമ്പിന്റെ സംരക്ഷണ ഭിത്തി തകർന്നു. ഇവിടെ പാർക്ക് ചെയ്ത സ്കൂട്ടർ താഴേക്കു പതിച്ചു. ഇവിടെ തന്നെ പാർക്ക് ചെയ്തിരുന്ന കാർ കുഴിയിലേക്ക് പതിക്കാറായ നിലയിലായിരുന്നു.
ഇത് മറ്റൊരു വാഹനത്തിന്റെ സഹായത്താൽ കെട്ടി വലിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇന്നലെ വൈകുന്നേരം 4.30 യോടെയായിരുന്നു സംഭവം. 20 അടിയോളം പൊക്കമുള്ള സംരക്ഷണഭിത്തിയാണ് തകർന്നു വീണത്.
ഇതിനു സമീപം കെട്ടിട നിർമാണത്തിനായി മണ്ണെടുത്തു മാറ്റിയിരുന്നു. മഴ തുടർന്നാൽ ബാക്കി ഭാഗവും ഏത് നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്.
കാഞ്ഞിരപ്പള്ളി താലൂക്കിൽ കൺട്രോൾ റൂം തുറന്നു. ഫോൺ - 04828 - 202331