കേരള റബർ പാർക്ക് കരാർ കമ്പനികളുടെ അനാസ്ഥ അവസാനിപ്പിക്കണം: സംയുക്ത തൊഴിലാളി യൂണിയൻ
1338991
Thursday, September 28, 2023 2:47 AM IST
തലയോലപ്പറമ്പ്: കേരള റബർ പാർക്കിന്റെ പ്രാരംഭ നിർമാണ ജോലികൾ ഏറ്റെടുത്തിട്ടുള്ള കമ്പനികൾ തികഞ്ഞ ഉദാസീനതയോടെയുള്ള സമീപനം സ്വീകരിക്കുന്നതുമൂലം പണികൾ ഇഴഞ്ഞുനീങ്ങുന്നു.
കരാർ കാലാവധി അവസാനിച്ചിട്ടും നിർമാണ പ്രവർത്തനങ്ങളിൽ യാതൊരുവിധ പുരോഗതിയും കൈവരിക്കാൻ സാധിച്ചിട്ടില്ലെന്നു സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ പറയുന്നു.
കോൺട്രാക്ടർമാരും യൂണിയൻ പ്രതിനിധികളും തമ്മിൽ ഒപ്പുവച്ചിട്ടുള്ള കരാറിന്റെ അടിസ്ഥാനത്തിലുള്ള കൂലിയാണ് ഇപ്പോൾ അവിടെ നൽകി വരുന്നത്. ഇത് അട്ടിമറിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.
ഇതരസംസ്ഥാന തൊഴിലാളികളെകൊണ്ട് പണിയെടുപ്പിക്കരുതെന്നും പണിയെടുത്ത ദിനങ്ങളിലെ കൂലി ആവശ്യപ്പെട്ടതിന്റെ പേരിൽ രണ്ടാഴ്ചക്കാലത്തിലേറെയായി നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.
ഇതു ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ യൂണിയൻ നേതാക്കൾക്കെതിരേ കള്ളക്കേസുകൾ ചുമത്താനുള്ള ശ്രമമാണ് കരാറുകാർ സ്വീകരിക്കുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു ജില്ലാ ലേബർ ഓഫീസർക്ക് പരാതി നൽകുന്നതിനും യൂണിയൻ നേതൃത്വം തീരുമാനിച്ചു.
കോൺട്രാക്ടർമാരുടെ തെറ്റായ നടപടികളെക്കുറിച്ച് കെആർഎൽ എംഡി ഷീലാ തോമസിനെ യൂണിയൻ നേതൃത്വം ധരിപ്പിച്ചിട്ടുണ്ട്. ഓണത്തിനു ശേഷം ഇതുവരെ തൊഴിലാളികൾക്ക് രണ്ടു ദിവസത്തെ തൊഴിൽ പോലും നൽകിയിട്ടില്ല.
നാളെ വൈകുന്നേരം അഞ്ചിന് വെള്ളൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ തൊഴിലാളി സംഗമം നടത്തുന്നതിന തീരുമാനിച്ചതായി ട്രേഡ് യൂണിയൻ നേതാക്കളായ സി.എം. രാധാകൃഷ്ണൻ, എസ്.എസ്. മുരളി, കെ.കെ. സുനിൽകുമാർ എന്നിവർ പറഞ്ഞു.