മണ്ണിടിഞ്ഞു വീണ് അതിഥി തൊഴിലാളി മരിച്ചു
1299728
Saturday, June 3, 2023 10:34 PM IST
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ മണ്ണിടിഞ്ഞു വീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി രത്തനാ(38)ണു മരിച്ചത്. തൊടുപുഴ റോഡിൽ ഇളപ്പുങ്കൽ ഭാഗത്ത് അജ്മി ഫുഡ് പ്രൊഡക്ടിസിന്റെ ഫാക്ടറി വളപ്പിനു പിൻവശത്ത് 25 അടി ഉയരമുള്ള മൺഭിത്തിയ്ക്ക് സംരക്ഷണ ഭിത്തി നിർമിക്കുന്നതിനിടെയായിരുന്നു അപകടം. പില്ലർ നിർമിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് രത്തന്റെ മുകളിലേക്കു വീഴുകയായിരുന്നു.
വിവരം അറിയിച്ചതിനെ തുടർന്ന് ഈരാറ്റുപേട്ടയിൽനിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി കൈകൾ കൊണ്ടു മണ്ണ് മാറ്റിയാണ് രത്തനെ പുറത്തെടുത്തത്. നാലടി മണ്ണ് രത്തിന്റെ മുകളിൽ വീണിരുന്നു. പാലായിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ സതീഷ്കുമാർ, കെ.പി. സന്തോഷ്, എം.ജെ. വിഷ്ണു, എം.പി. വിഷ്ണു, വിജേഷ് കുമാർ, ശരത്, അരുൺകുമാർ, അജിത്കുമാർ, ഫിലിപ്പ് എന്നിവരും സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കി.