കടുത്ത വേനല്‍ച്ചൂടില്‍ നാട്; തോടുകളും ജലാശയങ്ങളും വരണ്ടുണങ്ങുന്നു
1283330
Saturday, April 1, 2023 11:39 PM IST
കടുത്തുരുത്തി: കടുത്തവേനല്‍ ചൂടില്‍ നാട് വെന്തുരുകുന്നു. തോടുകളും ജലാശയങ്ങളുമെല്ലാം വരണ്ടുണങ്ങുന്നു. കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തില്‍. ഞീഴൂര്‍, കടുത്തുരുത്തി, മാഞ്ഞൂര്‍, മുളക്കുളം, കല്ലറ പഞ്ചായത്തുകളിലെ ഉയര്‍ന്ന പ്രദേശങ്ങളെല്ലാംതന്നെ കടുത്ത കുടിവെള്ള ക്ഷാമത്തിലാണ്.
പ്രധാന ജലസ്രോതസുകളായ വലിയതോടും ചുള്ളിത്തോടുമെല്ലാം വരള്‍ച്ചയുടെ ഭീഷണിയിലാണ്. ഉയര്‍ന്ന പ്രദേശങ്ങളോടൊപ്പം താഴ്ന്നപ്രദേശങ്ങളിലെയും കിണറുകളും കുളങ്ങളും മറ്റു ജലാശയങ്ങളും വറ്റിത്തുടങ്ങി. കടുത്ത വേനല്‍ച്ചൂടില്‍ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും ജലനിരപ്പ് ക്രമാതീതമായി താഴ്ന്നുവരികയാണ്. ഞീഴൂര്‍, കടുത്തുരുത്തി പഞ്ചായത്തുകളുടെ മുഖ്യജലസ്രോതസായ വലിയതോട്ടിലേയും ചുള്ളിത്തോട്ടിലേയും വെള്ളം വറ്റി പലയിടത്തും മണ്ണ് മുകളിലായി. ഇതുമൂലം പ്രദേശങ്ങളിലെ കിണറുകളില്‍ ജലനിരപ്പും താഴ്ന്നിട്ടുണ്ട്.
പഞ്ചായത്തുകള്‍ക്ക് കുടിവെള്ള വിതരണത്തിനു പല പദ്ധതികളുമുണ്ടെങ്കിലും ഇവ കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം. പലയിടത്തും ആളുകള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് കുടിവെള്ളം ശേഖരിക്കുന്നത്. തോടുകളും ജലാശയങ്ങളും വറ്റിവരളുന്നത് പാടശേഖരങ്ങളില്‍ പച്ചക്കറി, വാഴ കൃഷിക്കിറങ്ങിയവരെയും വലയ്ക്കുകയാണ്. കടുത്ത ചൂടില്‍ പാടത്തും പറമ്പിലും നട്ടിരുന്ന വാഴ, പച്ചക്കറി കൃഷികള്‍ കരിഞ്ഞുതുടങ്ങി. വേനലില്‍ കാലികള്‍ക്കു രോഗം വരാനുള്ള സാധ്യതകളും ഏറെയാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ കന്നുകാലികളെ കുളിപ്പിക്കാനോ വെള്ളം നല്‍കാനോ കഴിയാത്ത സ്ഥിതിയാണ്.
പടിഞ്ഞാറന്‍ പ്രദേശമായ കല്ലറ പഞ്ചായത്തിലെ മുണ്ടാര്‍ നാലുചുറ്റും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുകയാെണങ്കിലും കുടിവെള്ളത്തിന് ദൗര്‍ലഭ്യം നേരിടുന്ന പ്രദേശമാണ്. ഇവിടുത്തുകാര്‍ കിലോമീറ്ററുകള്‍ വള്ളം തുഴഞ്ഞ് ദൂരസ്ഥലങ്ങളിലെത്തിയാണ് കുടിവെള്ളം ശേഖരിക്കുന്നത്. ഞീഴൂര്‍ പഞ്ചായത്തിലെ പാഴുത്തുരുത്ത്, പുതിയാപറമ്പ്, മരങ്ങോലി, മാനാടിനിരപ്പ്, കാഞ്ഞിരമറ്റം, വടക്കേനിരപ്പ്, ഭജനമഠം, മുക്കവലക്കുന്ന്, മാന്താറ്റുകുന്ന്, ചിറനിരപ്പ്, പതിച്ചേരി കോളനി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കുടിവെള്ളക്ഷാമമുണ്ട്.
കടുത്തുരുത്തി പഞ്ചായത്തിലെ മയിലാടുംപാറ, അരണാശേരി, മേട്ടുംപാറ, ചിതാന്തി, ചാത്തന്‍കുന്ന്, ആപ്പുഴ, എഴുമാന്തുരുത്ത് തുടങ്ങിയപ്രദേശങ്ങളിലും ശുദ്ധജലക്ഷാമമുണ്ട്. മുളക്കുളം പഞ്ചായത്തിലും മാഞ്ഞൂരിലും കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. എംവിഐപി കനാലിലൂടെ വെള്ളം തുറന്നു വിടുന്നത് കൃത്യമായ ഇടവേളകളിലാക്കിയാല് കനാലിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലെ കിണറുകളിലും കൃഷിയിടങ്ങളിലും വെള്ളമെത്തുമെന്ന് കര്‍ഷകര്‍ പറയുന്നു.