പുറമ്പോക്കിലെ തണൽമരങ്ങൾ വെട്ടാനുള്ള ശ്രമം പരിസ്ഥിതി പ്രവർത്തകർ തടഞ്ഞു
1266165
Wednesday, February 8, 2023 11:52 PM IST
കറുകച്ചാൽ: വാഴൂർ റോഡരികിലെ മൂന്ന് കൂറ്റൻ മരങ്ങൾ അപകടാവസ്ഥയിലാണെന്ന് പ്രചരിപ്പിച്ചു വെട്ടിമാറ്റാനുള്ള നീക്കം പരിസ്ഥിതി പ്രവർത്തകരും പോലീസും ചേർന്ന് തടഞ്ഞു.
ചങ്ങനാശേരി-വാഴൂർ റോഡിൽ ചമ്പക്കര പള്ളിപ്പടിക്ക് സമീപം നിൽക്കുന്ന രണ്ട് താന്നിമരങ്ങളും ഒരു നാട്ടുമാവുമാണ് മുറിച്ചു നീക്കാൻ ശ്രമം നടന്നത്. ചൊവ്വാഴ്ച രാവിലെ മുതൽ മരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റി തുടങ്ങിയിരുന്നു. സംഭവം അറിഞ്ഞ് പരിസ്ഥിതി പ്രവർത്തകൻ കെ.ബിനുവാണ് വിവരം ജില്ലാ ട്രീ അഥോററ്റിയെയും സോഷ്യൽ ഫോറസ്ട്രി അധികൃതരെയും അറിയിച്ചത്. മരം മുറിച്ചു മാറ്റാൻ ജില്ലാ ട്രീ അതോറ്റി അനുമതി നൽകിയിരുന്നില്ല. ഇതോടെയാണ് സംഭവം വിവാദമായത്. ഇന്നലെ രാവിലെയും മരംമുറിക്കൽ ആരംഭിച്ചിരുന്നു. പരിസ്ഥിതി പ്രവർത്തകർ സംഭവം പൊതുമരാമത്തുവകുപ്പ് എ.ഇയെ അറിയിച്ചു. തുടർന്ന് മരം മുറിക്കൽ നിർത്തി വെക്കാൻ ആവശ്യപ്പെട്ടു. പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസെത്തി മരം മുറിക്കൽ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു.