ആലപ്പുഴ: കോവിഡ് -19 ബാധിച്ച് സ്വദേശത്തും വിദേശത്തുമായി മരണമടഞ്ഞ മുഴുവൻ മലയാളികളുടെയും കുടുംബങ്ങൾക്ക് സർക്കാർ പത്തുലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലിയും നൽകണമെന്ന് കേരള കോണ്ഗ്രസ് -എം ജോസഫ് വിഭാഗം ആലപ്പുഴ ജില്ലാ നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
കുടുംബത്തിന്റെ അത്താണിയായി വിദേശത്തും സ്വദേശത്തുമായി കഴിഞ്ഞിരുന്നവർ മരണപ്പെട്ടതോടെ അനാഥമായ കുടുംബത്തിന്റെ എല്ലാ കടബാധ്യതകളും സർക്കാർ ഏറ്റെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി പഞ്ചായത്ത് മുനിസിപ്പൽ തല തെരെഞ്ഞെടുപ്പു കമ്മിറ്റികൾക്കു രൂപം നൽകാൻ തീരുമാനിച്ചു
ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജോർജ് ജോസഫ്, ജോസഫ് കെ. നെല്ലുവേലി, ജൂണി കുതിരവട്ടം, എ.എൻ. പുരം ശിവകുമാർ, സാബു തോട്ടുങ്കൽ, പ്രകാശ് പനവേലി, തോമസുകുട്ടി മാത്യു, വർഗീസ് ഏബ്രഹാം, സിറിയക് കാവിൽ, സണ്ണി കളത്തിൽ, എൻ. അജിത് രാജ്, മുരളി പര്യാത്ത്, എൻ. സത്യൻ, ഷിബു ഉമ്മൻ, ബേബി പാറക്കാടൻ, ബിജു സി. ആന്റണി എന്നിവർ പ്രസംഗിച്ചു.