മാവേലിക്കര: കിളിമാനൂർ റേഡിയോ ജോക്കി രാജേഷ് വധക്കേസ്, കുറത്തികാട് പ്രവീണ്‍ വധക്കേസ് എന്നിവയിലൂൾപടെ നിരവധി കേസുകളിൽ പ്രതിയും ഗുണ്ടാനേതാവുമായ കൃഷ്ണപുരം ദേശത്തിനകം കളത്തിൽ വീട്ടിൽ അപ്പുണ്ണി(34)യെ രക്ഷപെടാൻ സഹായിച്ച സംഭവത്തിൽ അഞ്ചു പേർ പിടിയിലായി.
കായംകുളം എരുവ കോട്ടയിൽ ഫിറോസ്ഖാൻ (ഷിനു29), പള്ളിക്കൽ മഞ്ഞാടിത്തറ ബിസ്മിനാ മൻസിലിൽ ബുനാഷ്ഖാൻ (അച്ചു 26), തൊടുപുഴ പടിഞ്ഞാറെ വീട്ടിൽ നിന്നും നൂറനാട് ഇടക്കും ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന രാജീവൻ (പോത്ത് രാജീവ്-37), ഭരണിക്കാവ് കൊട്ടയ്ക്കാട്ട് കിഴക്കതിൽ അഖിലേഷ് (20), ഭരണിക്കാവ് കുഴിക്കാല തെക്കതിൽ വിവേക് (20) എന്നിവരെയാണ് മാവേലിക്കര പോലീസ് ഇൻസ്പെക്ടർ പി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
അപ്പുണ്ണി രക്ഷപ്പെട്ടശേഷം സംരക്ഷണം നൽകിയവരും മാവേലിക്കരയിലുള്ള ഗുണ്ടാ നേതാവിനെ വകവരുത്താനായി സഹായം ചെയ്തവരുമാണ് പിടിയാലായ ആറ് പേരും. തിരുവനന്തപുരത്തു നിന്നും അപ്പുണ്ണിയെ പിന്തുടർന്നു വന്ന ചെറുപ്പക്കാരൻ ഇതുവരെ പിടിയിലായിട്ടില്ല.
ബൈക്കിൽ രക്ഷപെട്ട ശേഷം അപ്പുണ്ണി പള്ളിക്കലുള്ള ബുനാഷ്ഖാന്റെ വീട്ടിലെത്തി വസ്ത്രം മാറി, സുഹൃത്തായ അഖിലേഷിന്റെ വീട്ടിൽ രണ്ടു ദിവസം താമസിച്ചു. തുടർന്ന് ബുനാഷ്ഖാന്റെ കാറിൽ നൂറനാട് എത്തി രാജീവന്റെ പക്കൽ നിന്നും സിം കാർഡ് വാങ്ങി. തുടർന്ന് കായംകുളത്തുള്ള ഗുണ്ടാനേതാവ് ഷിനുവിനെ ബന്ധപ്പെട്ട’് കാറിൽ കായംകുളത്ത് പണം വാങ്ങുകയും ചെയ്തു. തുടർന്ന് പ്രതികൾ തിരികെ അഖിലേഷിന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചശേഷം വിവേകും ജുബിനും കൂടി ഗുണ്ടാനേതാവിന്റെ വീടും വാഹനങ്ങളും കത്തിക്കാൻ വേണ്ടി ചാരുമൂട്ടിലുള്ള പെട്രോൾ പന്പിൽ നിന്നും നാല് കുപ്പി പെട്രോൾ വാങ്ങുകയും ചെയ്തു.
പുലർച്ചയോടെ ബുനാഷ്ഖാന്റെ കാറിൽ അപ്പുണ്ണിയെ കരുവാറ്റയിൽ എത്തിക്കുകയും, പിറകെ കൂട്ടുപ്രതി ജുബിനെ അഖിലേഷ് ബൈക്കിൽ കരുവാറ്റയിൽ എത്തിക്കുകയും തുടർന്ന് ജുബിന്റെ ബൈക്കിൽ കയറി അപ്പുണ്ണി എറണാകുളത്തേക്ക് രക്ഷപെടുകയുമായിരുന്നു. ഷിനു നിരവധി വധശ്രമക്കേസിലെ പ്രതിയും, ക്വട്ടേഷൻ നേതാവും, ബ്ലേഡ് മാഫിയയിൽപെട്ടയാളുമാണ്.
ബുനാഷ്ഖാൻ ക്വട്ടേഷൻ നേതാവും, നിരവധി തട്ടിക്കൊണ്ടുപോകൽ, കണ്ണിൽ മുളകുപൊടിയെറിഞ്ഞ് മാല മോഷണം, കഞ്ചാവ് വിൽപന തുടങ്ങിയ കേസുകളിൽ പ്രതിയുമാണ്. രണ്ടു തവണ ഗുണ്ടാ ആക്ടിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
പ്രതികളെ ഇന്നലെ രാത്രിയോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ മാവേലിക്കര സബ്ജയിലിൽ റിമാൻഡിലായ അപ്പുണ്ണിയെ കസ്ററഡിയിൽ വാങ്ങി കൂടുതൽ അന്വേഷണങ്ങൾ നടത്തുമെന്ന് പോലീസ് പറഞ്ഞു.
മാവേലിക്കര സിഐ പി. ശ്രീകുമാറിനോടൊപ്പം എസ്ഐ എസ്. പ്രദീപ്, എഎസ്ഐ ഡി. രാജേഷ് കുമാർ, സിപിഒ മാരായ ജി. ഉണ്ണിക്കൃഷ്ണപിള്ള, അരുണ്‍ ഭാസ്ക്കർ, ഗിരീഷ് ലാൽ, എസ്. ശ്രീനാഥ് എം.എ. ദിലീപ്, ജി. ഗോപകുമാർ, മധു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.