റെയിൽവേ ഗേറ്റിൽ ഇടിച്ച് ഓട്ടോറിക്ഷ തകർന്നു
1515159
Monday, February 17, 2025 11:52 PM IST
അമ്പലപ്പുഴ: തകഴി റെയിൽവേ ഗേറ്റിൽ ഓട്ടോറിക്ഷയിടിച്ച് ക്രോസ് ബാർ തകർന്നു. ഇന്നലെ രാവിലെയാണ് തകഴി പച്ച ഭാഗത്തേക്കു പോയ ഓട്ടോറിക്ഷയിടിച്ചത്. ട്രെയിൻ കടന്നുപോകുന്നതിനായി ഗേറ്റ് അടച്ച സമയത്താണ് യാത്രക്കാരുമായി പോയ ഓട്ടോറിക്ഷയിടിച്ച് ക്രോസ് ബാർ തകർന്നത്.
അപകടത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം തകർന്നു. പരിക്കേറ്റ യാത്രക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. രാവിലെ റെയിൽവേ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി ആരംഭിച്ചു. അറ്റകുറ്റപ്പണി പൂർത്തിയാക്കി ഉച്ചയോടെ ഗേറ്റ് തുറന്നുകൊടുത്തതോടെ ഗതാഗതം സാധാരണ നിലയിലായി.
ഗേറ്റ് അടച്ചതോടെ നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. ആലപ്പുഴ ഭാഗത്തുനിന്നുള്ള കെഎസ്ആർടിസി ബസുകൾ തകഴി ആശുപത്രി ജംഗ്ഷനിലും തിരുവല്ലയിൽനിന്നുള്ള ബസുകൾ തകഴി ജംഗ്ഷനിലും സർവീസ് അവസാനിപ്പിച്ചു. സ്ഥിരം അപകട മേഖലയായ തകഴിയിൽ മേൽപ്പാലം നിർമിക്കണമെന്ന് നാട്ടുകാരുടെ ദീർഘനാളായുള്ള ആവശ്യം ഇതുവരെ യാഥാർഥ്യമായിട്ടില്ല. അപകടത്തെത്തുടർന്ന് നിരവധി ദീർഘദൂര ചരക്ക് ലോറികളും തകഴിയിൽ കുടുങ്ങിക്കിടന്നു.