കുട്ടനാട്ടില്‍ കുടിവെള്ളം കിട്ടാക്കനി
1514860
Sunday, February 16, 2025 11:53 PM IST
എടത്വ: കുട്ടനാട്ടില്‍ മുപ്പതുവര്‍ഷമായി ജനങ്ങള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ മാറിമാറി വന്ന സര്‍ക്കാരുകളുടേയും ജനപ്രതിനിധികളുടെയും ഗുരുതരമായ അനാസ്ഥമൂലം കുട്ടനാട്ടില്‍ കുടിവെള്ളം ഇപ്പോഴും കിട്ടാക്കനിയാണെന്ന് എസി കനാല്‍ സംരക്ഷണ സമിതി ചെയര്മാന് നൈനാന് തോമസ് മുളപ്പാംമഠം.
കുടിവെള്ളത്തിന്റെ ഏറെ ദുരിതം അനുഭവിക്കുന്ന പട്ടികജാതി, ലക്ഷംവീട് കോളനികളിലും പാടശേഖരങ്ങളുടെ പുറംബണ്ടുകളിലും പാടശേഖരങ്ങള്‍ക്കുള്ളിലും താമസിക്കുന്നവര്‍ക്ക് അടിയന്തരമായി കുടിവെള്ളം എത്തിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടലുകള്‍ നടത്തണമെന്നും നൈനാന് തോമസ് ആവശ്യപ്പെട്ടു.
എസി കനാല്‍ സംരക്ഷണസമിതി സംഘടിപ്പിച്ച ജനസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേനല്‍ കടുത്തതോടെ അതിരൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന എടത്വ പഞ്ചായത്ത് പുത്തന്തുരത്ത്, പള്ളിത്തറ, ആമ്പക്കാട്, പച്ചപുതുവല് എസ്സി കോളനി, തലവടി പഞ്ചായത്ത് അംബേദ്കര്‍ കോളനി, മണലേല്‍ കോളനി, മണലേല്‍ സ്കൂള്‍, കോടമ്പനാടി, പുതുപ്പറമ്പ്, മുട്ടാര്‍ പഞ്ചായത്ത് നെല്ലാനിക്കല്‍, അമ്പലം വാര്‍ഡ്, മിത്രമഠം, മിത്രക്കരി പള്ളി വാര്‍ഡ്, കണ്ണംകുളം, 12ല്‍ ലക്ഷംവീട് കോളനി, രാമങ്കരി പഞ്ചായത്ത് നാരായണമംഗലം, 30ല്‍ ജംഗ്ഷന്, അരികോടിച്ചിറ, കുഴിക്കാല കോളനി, അഞ്ചുമനയ്ക്കല്‍, ആശാരിപ്പറമ്പ് പാടശേഖരത്തിനുള്ളിലും, പുറംബണ്ടിലും തുടങ്ങി കൈനകരി പഞ്ചായത്ത് ഉള്‍പ്പെടെ ശുദ്ധജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കിയോസ്കുകളിലും വള്ളത്തിലും ശുദ്ധജലം എത്തിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് എസി കനാല്‍ സംരക്ഷണ സമിതി സംഘടിപ്പിച്ച ജനസദസ് ആവശ്യപ്പെട്ടു.
സമിതി ജനറല്‍ കണ്‍വീനര്‍ മുട്ടാര്‍ സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. ഷിബു കണ്ണമ്മാലി, അലക്സാണ്ടര്‍ പുത്തന്‍പുര, തോമസ് വര്‍ക്കി വടുതല, എ.കെ. സോമനാഥന് കരുമാലി, എ.സി. വിജയപ്പന്, സൈനോ തോമസ്, ജയപ്രകാശ് കാമിശേരി, അപ്പച്ചന്‍കുട്ടി ആശാംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.