കാർഷികമേഖലയെ അവഗണിച്ച ബജറ്റ്
1512145
Friday, February 7, 2025 11:48 PM IST
ഹരിപ്പാട്: കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടില്‍ ഉത്പാദന മേഖലയില്‍ കര്‍ഷകര്‍ അതിരൂക്ഷമായ പ്രതിസന്ധി നേരിടുന്നതിനിടെ നെല്ലിന് ഒരു രൂപപോലും വര്‍ധിപ്പിക്കാതെ കര്‍ഷകരെ സര്‍ക്കാര്‍ പാടെ അവഗണിച്ചു. ഏതാനും ദിവസംമുമ്പ് തിരുവനന്തപുരത്ത് ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ കാര്‍ഷിക വ്യവസായ സമിതിയില്‍ കാര്‍ഷിക മേഖലയിലെ തൊഴില്‍ കൂലി വര്‍ധിപ്പിച്ച് തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ കൃഷി സീസണിലെ കൂലിയിനത്തിലുള്ള ചെലവിനേക്കാള്‍ ഏക്കറിന് ചുരുങ്ങിയത് 2,000 രൂപ അധികമായി ചെലവഴിക്കേണ്ടി വരുമെന്നിരിക്കെയാണ് നെല്ലിലോ കൈകാര്യച്ചെലവിലോ ഒരു രൂപയുടെപോലും വര്‍ധനവ് വരുത്താതെ കര്‍ഷകരെ പൂര്‍ണമായും അവഗണിച്ചത്.
54,000 ലധികം ഹെക്ടര്‍ വരുന്ന കുട്ടനാട്ടിലെ നെല്പാടങ്ങളില് 100 മേനി ഭക്ഷ്യോത്പാദനം നടന്നിരുന്ന സ്ഥാനത്ത് വര്‍ഷങ്ങളായി ഉത്പാദനച്ചെലവ് ഗണ്യമായി കൂടുകയും ഉത്പന്നത്തിന് ന്യായവില ലഭിക്കാതാവുകയും ചെയ്തതോടെ നെല്‍കൃഷി നേര്‍പകുതിയായി ചുരുങ്ങി. 27,000 ഹെക്ടറിലാണ് ഇന്ന് കുട്ടനാട്ടില്‍ നെല്‍കൃഷിയുള്ളത്.
കാര്‍ഷിക ശാസ്ത്രജ്ഞനായ അന്തരിച്ച എം.എസ്. സ്വാമിനാഥന് കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2,138 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. 2010 ല്‍ വി.എസ്. അച്യുതാനന്ദനായിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്തത്.
ഒന്നാം കുട്ടനാട് പാക്കേജോ ഇടത് സര്‍ക്കാരിന്റെ രണ്ടാം പാക്കേജോ കുട്ടനാടിന് ഫലമുണ്ടാക്കിയില്ല. ഇതേത്തുടര്‍ന്നാണ് കര്‍ഷകരില്‍ പകുതിയും കൃഷി ഉപേക്ഷിച്ചത്. പുറംബണ്ടുകള്‍ സജ്ജമാക്കി നെല്‍കൃഷിയെ മുഖ്യധാരയിലെത്തിക്കല്‍, റിംഗ് ബണ്ടുകള്‍ സ്ഥാപിച്ച് രണ്ടാം കൃഷി വര്‍ധിപ്പിക്കല്‍, സംഭരണശാലകള്‍ സ്ഥാപിക്കല്‍, കാര്‍ഷിക മേഖലയെ വെള്ളപ്പൊക്ക ത്തില്‍നിന്നും സംരക്ഷിക്കല്‍, ഓരുവെള്ള ഭീഷണി തടയാന്‍ സ്ഥിരമായ റഗുലേറ്റര്‍ കം ബ്രിഡ്ജുകള്‍ സ്ഥാപിക്കല്‍ തുടങ്ങി കാര്‍ഷിക മേഖലയുടെ അടിസ്ഥാന വികസന സൗകര്യങ്ങള്‍ ഒരുക്കാന്‍ ബജറ്റില്‍ യാതൊന്നും വക കൊള്ളിച്ചിട്ടില്ല.
സംഭരണം, വികസനം എന്നീ പ്രക്രിയകള്‍ക്ക് കാര്‍ഷിക മേഖലയില്‍ പ്രഖ്യാപിച്ചിട്ടു ള്ളത് 150 കോടി രൂപ മാത്രമാണ്.2,138 കോടി രൂപ പ്രവര്‍ത്തനം ആരംഭിച്ചിട്ട് നടക്കാത്ത വികസനത്തിനാണ് സര്‍ക്കാര്‍ 150 കൂടി പ്രഖ്യാപിച്ചത് എന്നത് ഏറെ പരിതാപകരമാണ്. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ കാലങ്ങളില്‍ വര്‍ധിപ്പിച്ച തുക സംസ്ഥാന സര്‍ക്കാര്‍ വിഹിതത്തില്‍നിന്നും കുറച്ചിരുന്നു. ഈ തുകയെങ്കി ലും വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍.
കര്‍ഷകനായ കൃഷി മന്ത്രിയുള്ള ജില്ലയിലാണ് കാര്‍ഷിക മേഖലയ്ക്ക് ഈ അവഗണന. നെല്‍കൃഷി പരിപോഷിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചില്ലെങ്കില്‍ കേരളത്തിന്റെ നെല്ലറ അന്യാധീനപ്പെടലിന്റെ വക്കിലെന്നാണ് പരമ്പരാഗത കര്‍ഷകരുടെ അഭിപ്രായം.