ചേര്‍ത്തലയിലെ വിവിധ പദ്ധതികള്‍ക്ക് 16.8 കോടി: മന്ത്രി പി. പ്രസാദ്
1512141
Friday, February 7, 2025 11:48 PM IST
ആലപ്പുഴ: ചേര്‍ത്തല മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കായി 16.8 കോടി രൂപ ബജറ്റില്‍ അനുവദിച്ചതായി കൃഷി മന്ത്രി പി. പ്രസാദ്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധത്തിന്റെ പശ്ചാത്തലത്തിലും മികച്ച ജനക്ഷേമ ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്. ബജറ്റ് ചേര്‍ത്തല മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊര്‍ജമേകും.
ചേര്‍ത്തല വല്ലയില്‍ - ചമ്പക്കാട് റോഡ് പുനര്‍നിര്‍മാണം രണ്ടാം ഘട്ടം - 4 കോടി, ചേര്‍ത്തല ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജംഗ്ഷന് മുതല്‍ മരുത്തോര്‍വട്ടം ടി.എം.എം.സി. കമ്പനി ജംഗ്ഷന് റോഡ് പുനര്‍നിര്‍മാണം-4 കോടി, കാളികുളം- മുട്ടത്തിപ്പറമ്പ് റോഡ് പുനര്‍നിര്‍മാണം രണ്ടാം ഘട്ടം - 3 കോടി, വെള്ളക്കെട്ട് നിവാരണത്തിന് അന്ധകാരനഴി പൊഴിച്ചാലിന് തെക്കോട്ട് ആഴംകൂട്ടി നവീകരിക്കുന്നതിന് 2.5 കോടി, തണ്ണീര്‍മുക്കം ഗുണ്ടുവളവ് -ശങ്കര്‍ ജംഗ്ഷന് റോഡ് പുനര്‍നിര്‍മാണത്തിന്-1.8 കോടി, മരുത്തോര്‍വട്ടം ഗവ. എല്‍പി സ്കൂള്‍ അടിസ്ഥാന സൗകര്യവികസനത്തിന് 1.5 കോടി എന്നീ പ്രവൃത്തികള്‍ക്കാണ് ബജറ്റില്‍ പണമനുവദിച്ച് ഭരണാനുമതി ലഭ്യമാക്കിയത്.
പ്രധാന പാതകളുടെ രണ്ടാംഘട്ടം പൂര്‍ത്തീകരിക്കുന്നതോടെ റോഡുകളിലെ വെള്ളക്കെട്ട് പരിഹരിക്കപ്പെടുകയും തുടര്‍ച്ചയായുള്ള സുഗമമായ യാത്ര ഉറപ്പാവുകയും ചെയ്യും. കാളികുളം-മുട്ടത്തിപ്പറമ്പ് റോഡ്, ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജംഗ്ഷന് - മരുത്തോര്‍വട്ടം ടിഎംഎംസി ജംഗ്ഷന് റോഡ് എന്നിവയുടെ പൂര്‍ത്തീകരണത്തോടെ ദേശീയപാത ഒഴിവാക്കി ടൗണിന്റെ കിഴക്ക് ഭാഗത്തിലൂടെ ആലപ്പുഴ ഭാഗത്തേക്ക് മികച്ച റോഡ് ലഭ്യമാകും. നേരത്തേതന്നെ പണമനുവദിച്ച് ഭരണാനുമതിക്കായി സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുള്ള ചെങ്ങണ്ട -കാളികുളം റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അരൂക്കുറ്റി ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ ചേര്‍ത്തല നഗരത്തില്‍ പ്രവേശിക്കാതെ സുഗമമായി കോട്ടയം, ആലപ്പുഴ ഭാഗത്തേക്ക് പോകാനാവും.
ചേര്‍ത്തലയ്ക്ക് മികച്ച റോഡ് ശൃംഖല ഉറപ്പാക്കുന്നതാണ് ബജറ്റ്. സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്നു ബജറ്റിലൂടെ 59 കോടിയോളം രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ച് നിര്‍വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും കൃഷിമന്ത്രി പറഞ്ഞു. ബജറ്റ് പ്രവൃത്തികള്‍ കാലതാമസം കൂടാതെ നടപ്പിലാക്കുന്നതിന് ധനമന്ത്രിയുമായി ആലോചിച്ച് ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.