ബ ജ റ്റ്: ജില്ലയുടെ വികസനത്തിന് 250 കോടി രൂപ
1512140
Friday, February 7, 2025 11:48 PM IST
ആലപ്പുഴ: ജില്ലയിലെ വിവിധ പദ്ധതികള്‍ക്കായി 250 കോടിയിലേറെ രൂപ ബജറ്റില്‍ വകയിരുത്തി. അതില്‍ 150 കോടി രൂപയും കുട്ടനാടിന്റെ വികസനത്തിനാണ്. കുട്ടനാട്ടില്‍ അടിസ്ഥാനസൗകര്യ പ്രവര്‍ത്തനങ്ങള്‍ക്കായി നബാര്‍ഡ് വായ്പകൂടി ലഭ്യമാക്കി നടപ്പിലാക്കുന്ന പദ്ധതിക്കായി 100 കോടി രൂപ. കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിവാരണത്തിനായുളള വിവിധ പ്രവൃത്തികള്‍ക്കായി 57 കോടി രൂപ.
വെള്ളപ്പൊക്കത്തിന് പരിഹാരമായി അധികജലം തോട്ടപ്പള്ളി സ്പില്‍വേയിലൂടെ കടലിലേക്ക് ഒഴുക്കിവിടുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി രൂപ. വെളളപ്പൊക്ക ഭീഷണി നേരിടുന്നതിനായി അരൂര്‍ മേഖലയില്‍ ഉള്‍പ്പെടെയുളള വേമ്പനാട് കായലിന്റെ ഭാഗങ്ങള്‍ ആഴം കൂട്ടുന്നതിന് 10 കോടി രൂപ. ആലപ്പുഴ കെഎസ്ഡിപിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 20 കോടി രൂപ.
വികസന മുന്നേറ്റത്തിന് കരുത്തുപകരും:
എച്ച്. സലാം എംഎല്‍എ
ആലപ്പുഴ: സംസ്ഥാന ബജറ്റ് അമ്പലപ്പുഴ മണ്ഡലത്തിലെ വികസന മുന്നേറ്റത്തിന് കരുത്തുപകരുന്നതാണെന്ന് എച്ച്. സലാം എംഎല്‍എ. അടിസ്ഥാനസൗകര്യ വികസനത്തിനും ആരോഗ്യമേഖലയ്ക്കും ടൂറിസം മേഖലയ്ക്കും റോഡ് വികസനത്തിനുമെല്ലാം പണം അനുവദിച്ചു. ഇത് മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വികസനത്തെ ത്വരിതപ്പെടുത്തുമെന്നും എംഎല്‍എ അറിയിച്ചു.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആധുനിക കാത്ത് ലാബിന് 15 കോടി രൂപയും ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങള്‍ ഒരുക്കുവാന്‍ മൂന്നു കോടിയും അനുവദിച്ചു. വെള്ളപ്പൊക്കസമയത്ത് തോട്ടപ്പള്ളിയില്‍ ജലനിര്‍ഗമന സൗകര്യമൊരുക്കാന്‍ അഞ്ചു കോടി രൂപയാണ് അനുവദിച്ചത്.
മണ്ഡലത്തിലെ വിവിധ റോഡുകള്‍ക്കായി മൂന്നു കോടി രൂപ, കഞ്ഞിപ്പാടം -തുരുത്തിച്ചിറ റോഡിന് ഒരു കോടി രൂപ, മണ്ഡലത്തിലെ മത്സ്യഭവന് ഓഫീസ്, ഫിഷറീസ് കമ്യൂണിറ്റി ഹാള്‍ എന്നിവയുടെ നിർമാണത്തിന് ഒരുകോടി രൂപ, വിവിധ സ്കൂളുകള്‍ക്കായി രണ്ടു കോടി രൂപ, ഓപ്പണ്‍ ജിംനേഷ്യം നിർമിക്കുന്നതിന് ഒരു കോടി രൂപ, ടൂറിസം വികസന പദ്ധതികള്‍ക്കായി ഒരു കോടി രൂപ, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഓപ്പണ്‍ ഓഡിറ്റോറിയം നിര്‍മിക്കുന്നതിന് ഒരു കോടി രൂപ, അമ്പലപ്പുഴ ക്ഷേത്രം അമിനിറ്റി സെന്ററിന്റെ നിര്‍മാണത്തിന് അഞ്ചു കോടി രൂപ, വലിയ ചുടുകാട് ആധുനിക ശ്മശാന നിര്‍മാണത്തിന് ഒരുകോടി രൂപ, മുല്ലക്കല്‍ ഹെറിറ്റേജ് സ്ട്രീറ്റ് പദ്ധതിക്കായി രണ്ടുകോടി രൂപ.
ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷന് നവീകരണ പദ്ധതിക്കായി 5 കോടി രൂപ, അമ്പലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി കരുമാടിക്കുട്ടന്, മുസാവരി ബംഗ്ലാവ് നവീകരണം, പി.കെ. മെമ്മോറിയല്‍ ഗ്രന്ഥശാല എന്നിവയ്ക്കായി ഒരു കോടി രൂപ, ആലപ്പുഴ മെഡിക്കല്‍ കോളജിലെ വിവിധ വികസന പദ്ധതികള്‍ക്കായി 15 കോടി രൂപയും ജനറല്‍ ആശുപത്രി പുതിയ കെട്ടിടത്തിന് നവകേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7 കോടി രൂപയും ബജറ്റില്‍ അനുവദിച്ചതായും എച്ച്. സലാം എംഎല്‍എ അറിയിച്ചു.
ഗ്രാമീണ റോഡുകളുടെ നവീകരണത്തിന്
7 കോടി: എം.എസ്. അരുൺകുമാർ എംഎൽഎ
മാവേലിക്കര: മാവേലിക്കരയുടെ വികസനത്തിന് പിന്തുണ നൽകുന്ന ബജറ്റാണെന്ന് എം.എസ്. അരുൺകുമാർ എംഎൽഎ. മാവേലിക്കരയിലെ ബുദ്ധക്ഷേത്രം തകഴിയിലെ ബുദ്ധകേന്ദ്രം എന്നിവയുടെ സംരക്ഷണത്തിന് 5 കോടി രൂപ ബജറ്റിൽ അനുവദിച്ചു.
തെക്കേക്കര, തഴക്കര, ചുനക്കര, നൂറനാട്, പാലമേൽ,വള്ളികുന്നം, താമരക്കുളം ഗ്രാമപഞ്ചായത്തുകളിലെയും മാവേലിക്കര നഗരസഭയിലെയും ഗ്രാമീണ റോഡുകൾ പൊതുമരാമത്ത് വകുപ്പ് മുഖേന നവീകരിക്കുന്നതിന് 7 കോടി അനുവദിച്ചു.
മാവേലിക്കരയിൽ സ്റ്റേഡിയത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനും സ്റ്റേഡിയം നിർമാണത്തിനും 1 കോടി, മാവേലിക്കര ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓഡിറ്റോറിയം നിർമാണത്തിന് 1 കോടി. വള്ളികുന്നം ഗ്രാമപഞ്ചായത്തിലെ കക്കുറുമ്പ് പാലം നിർമാണത്തിന് 1 കോടി.
മാവേലിക്കര മണ്ഡലത്തിലൂടെ കടന്നുപോകുന്ന കല്ലട ജലസേചന പദ്ധതിയുടെ കനാൽ നവീകരണത്തിന് 50 ലക്ഷം, പമ്പ ജലസേചന പദ്ധതിയുടെ കനാൽ നവീകരണത്തിന് 50 ലക്ഷം, ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിൽ ഉൾപ്പെടുത്തി നൂറനാട് പടനിലം സ്റ്റേഡിയത്തിന് 1 കോടി രൂപയും അനുവദിച്ചു.
വികസന പദ്ധതികള്‍ക്കായി 17 കോടി രൂപ:
പി.പി. ചിത്തരഞ്ജന് എംഎല്‍എ
ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തെ സംബന്ധിച്ചിടത്തോളം സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് പി.പി. ചിത്തരഞ്ജന് എംഎല്‍എ പറഞ്ഞു. ശേഷിക്കുന്ന വികസന പദ്ധതികള്‍ക്കായി 17 കോടി രൂപ ബജറ്റില്‍ വകകൊള്ളിച്ചിട്ടുണ്ട്.
പൊതുമേഖലാ മരുന്നു നിര്‍മാണ കമ്പനിയായ കെഎസ്ഡിപിയുടെ വികസനത്തിന് 20 കോടി രൂപയും കടലോര ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയ്ക്ക് 121 കോടി രൂപയും അനുവദിച്ച് ജനകീയ ബജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാലിനെ അഭിനന്ദിക്കുന്നു. മണ്ഡലത്തില്‍ 8 പദ്ധതികള്‍ക്കായി 17 കോടി രൂപ അനുവദിച്ച് 20 ശതമാനം തുക വകയിരുത്തി ബാക്കി പദ്ധതികള്‍ക്ക് 100 രൂപ ടോക്കണ്‍ തുകയും വകയിരുത്തിയിട്ടുണ്ടെന്നും ചിത്തരഞ്ജന് എംഎല്‍എ അറിയിച്ചു.
വിവിധ പദ്ധതികള്‍ക്ക് 10.3 കോടി അനുവദിച്ചു:
യു. പ്രതിഭ എംഎല്‍എ
ആലപ്പുഴ: സംസ്ഥാന ബജറ്റില്‍ കായംകുളം മണ്ഡലത്തില്‍ വിവിധ പദ്ധതികള്‍ക്കായി 10 കോടി 30 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. യു. പ്രതിഭ എംഎല്‍എ അറിയിച്ചു. കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്ത് മാടമ്പില്‍ ഗവ. യുപി സ്കൂളിന് പുതിയ കെട്ടിടത്തിന് ഒരുകോടി, കായംകുളം മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് അഞ്ചു കോടി, കായംകുളം പുള്ളിക്കണക്ക് ഗവ. എല്‍പി സ്കൂളിന് പുതിയ കെട്ടിടം ഒരുകോടി, കായംകുളം മണ്ഡലത്തില്‍ സ്ത്രീ സൗഹൃദവിശ്രമകേന്ദ്രത്തിന് 30 ലക്ഷം, പുതുപ്പള്ളി ഗവ. എല്‍പി സ്കൂളിന് പുതിയ കെട്ടിടം ഒരു കോടി, മണ്ഡലത്തിലെ വിവിധ ഗ്രന്ഥശാലകളെ ഹൈടെക്കാക്കുന്ന പദ്ധതിക്ക് ഒരു കോടി, കൃഷ്ണപുരം തയ്യില്‍ തെക്ക് ഗവ. എല്‍പി സ്കൂളിന് പുതിയ കെട്ടിടം ഒരു കോടി എന്നിവയ്ക്കായാണ് തുക അനുവദിച്ചത്.
കൂടാതെ കായംകുളം ബിഎഡ് സെന്ററിന് പുതിയ കെട്ടിടം, ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ പോച്ചയില്‍ പാലം നിര്‍മാണം, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തില്‍ കൂനംകുളങ്ങര ചിറയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, മലയന്കനാലിന്റെ പുനരുദ്ധാരണം, കരിപ്പുഴ തോടിന്റെ പുനരുദ്ധാരണം, ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ ജിഎസ്ആര്വി എല്‍പി സ്കൂളിന് പുതിയ കെട്ടിടം, ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് ടിഎം ചിറ പാലം, കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കൃഷിഭവൻ പുതിയ കെട്ടിടം, കായംകുളം നഗരസഭ എരുവ സൗത്ത് ഗവണ്മെന്റ് എല്‍പി സ്കൂളിന് പുതിയ കെട്ടിടം, കായംകുളം ഗവണ്മെന്റ് യുപി സ്കൂളിന് പുതിയ കെട്ടിടം എന്നീ പ്രവൃത്തികള്‍ ബജറ്റിന്റെ ടോക്കണ്‍ പ്രൊവിഷനില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നും എംഎല്‍എ പറഞ്ഞു.
170 കോടിയിലധികം രൂപയുടെ പദ്ധതികള്‍:
തോമസ് കെ തോമസ് എംഎല്‍എ
എടത്വ: മുഖ്യമന്ത്രിയോടും വിവിധ വകുപ്പ് മന്ത്രിമാരോടും കുട്ടനാടിനായി ആവശ്യപ്പെട്ടത് എല്ലാത്തിനും അംഗീകാരം നല്കിയ ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് തോമസ് കെ തോമസ് എംഎല്‍എ. കുട്ടനാട് നിയോജകമണ്ഡലത്തിന് പ്രഥമ പരിഗണനയാണ് ബജറ്റില്‍ ലഭ്യമായത്. കുട്ടനാട് നിയോജകമണ്ഡലത്തിന് നേരിട്ട് പ്രയോജനം ലഭിക്കുന്ന 150 കോടിയിലധികം രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കുട്ടനാട് മേഖലയിലെ പാടശേഖരങ്ങളുടെ പുറംബണ്ട് നിര്‍മാണത്തിനായി നബാർഡ് ആര്‍ഐഡിഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 100 കോടിയും കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിനായി അനുവദിച്ച 57 കോടി രൂപയും ചാമ്പ്യന്‍സ് ബോട്ട് ലീഗിന് 9.96 കോടിയുമാണ് കുട്ടനാടിന് നേരിട്ട് പ്രയോജനം ലഭിക്കുന്ന പ്രധാന പ്രഖ്യാപനം.
പ്രകൃതിക്ഷോഭങ്ങളില്‍ വിളനശിക്കുന്ന കര്‍ഷകര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നതിനായി പ്രഖ്യാപിച്ച 33.14 കോടിയും പാടശേഖരങ്ങളുടെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിന് അനുവദിച്ച 25 കോടിയും തോട്ടപ്പള്ളി സ്പില്‍വേയിലൂടെ അധികജലം ഒഴുക്കിവിടുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച 5 കോടിയും കുട്ടനാടിന് ഏറെ പ്രയോജനകരമായ പ്രഖ്യാപനങ്ങളാണ്. നെല്‍കൃഷി വികസനത്തിനായി ഉത്പാദനോപാദികള്ക്കുള്ള സഹായമായി ഹെക്ടറിന് 5,500 രൂപവീതം കര്‍ഷകര്‍ക്ക് നല്‍കുന്നതിനും നെല്‍വയല്‍ ഉടമകള്‍ക്ക് ഹെക്ടറിന് 3,000 രൂപവീതം റോയല്‍റ്റി നല്‍കുന്നതിന് തീരുമാനിച്ച് ഇതിനായി ബജറ്റില്‍ തുക വകയിരുത്തിയതും കുട്ടനാടിനും കര്‍ഷകര്‍ക്കും ഏറെ ആശ്വാസം നല്കുന്നു. 11.30 കോടി രൂപയുടെ പ്രാദേശിക നിര്‍മാണ പ്രവര്‍ത്തനത്തിനും ബജറ്റില്‍ അംഗീകാരമുണ്ട്. ഇത് പ്രകാരം 9.30 കോടി വിനിയോഗിച്ച് തകഴി അഗ്നിശമന ഓഫീസ് കെട്ടിടവും 2 കോടി ചെലവഴിച്ച് കോഴിമുക്ക് ചമ്പക്കുളം റോഡിന്റെ സംരക്ഷണഭിത്തിയും നിര്‍മിക്കും.
റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍, ടൂറിസം പദ്ധതികള്‍ എന്നിവ അടങ്ങിയ മുപ്പതിലധികം പ്രവര്‍ത്തികളുടെ പട്ടികയായിരുന്നു കുട്ടനാട് നിയോജക മണ്ഡലത്തില്‍നിന്നും ഇത്തവണത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തുവാന്‍ നല്‍കിയിയിരുന്നത്. ഇതില്‍ 15 പ്രവര്‍ത്തികള്‍ക്ക് ടോക്കണ്‍ പ്രൊവിഷന്‍ ലഭ്യമായിട്ടുണ്ട്. ഇവയ്ക്ക് ഇരുപത് ശതമാനം തുക അനുവദിച്ചെങ്കില്‍ മാത്രമേ പ്രവര്‍ത്തി ആരംഭിക്കുവാന്‍ കഴിയുകയുള്ളൂ. ഇക്കാര്യത്തില്‍ കുട്ടനാടിന് പ്രത്യേക പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ട്. വിവിധ വകുപ്പുകള്‍ മുഖേനെ സമര്‍പ്പിച്ചിട്ടുള്ള പ്രവൃത്തികള്‍ക്കും അംഗീകാരമായിട്ടുണ്ട്. അനുവദികപ്പെട്ട പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കുട്ടനാടിന് നല്കിയ പരിഗണനയ്ക്ക് സര്‍ക്കാരിന് നന്ദി രേഖപ്പെടുത്തുന്നതായും തോമസ് കെ. തോമസ് എംഎല്‍എ പറഞ്ഞു.