പച്ചക്കറികൃഷി വിളവെടുത്തു
1511797
Thursday, February 6, 2025 11:59 PM IST
മാന്നാർ: ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിൽ കേരള കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചെന്നിത്തല കൃഷിഭവൻ നടപ്പാക്കിവരുന്ന സ്ഥാപന അധിഷ്ഠിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. ചെന്നിത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികുമാർ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെംബർ പ്രസന്നകുമാരി അധ്യക്ഷയായിരുന്നു. നവോദയ വിദ്യാലയ പ്രിൻസിപ്പൽ സി.എച്ച്. ദിനേശൻ, കൃഷി അസി. ഡയറക്ടർ ലേഖ മോഹൻ, കൃഷി ഓഫീസർ ബിജു ശർമ, ജഗദീശ്, കൃഷി ഓഫീസർ അനഘ കൃഷ്ണൻ, വിദ്യാലയത്തിലെ പദ്ധതി കോ-ഓർഡിനേറ്റർ പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു. അൻപത് സെന്റ് കരഭൂമിയിൽ മൂന്നുമാസമായി നടന്നുവരുന്ന കാർഷിക പ്രവർത്തനങ്ങൾക്ക് ചെന്നിത്തല കാർഷിക കർമസമിതി നേതൃത്വം നൽകി. നവോദയ വിദ്യാലയത്തിലെ തെരഞ്ഞെടുത്ത എൺപതോളം കുട്ടികൾക്ക് നൽകിയ പരിശീലന പരിപാടികളും നൂതന കാർഷിക പ്രവർത്തനങ്ങളും ഒരു പുത്തൻ അനുഭവമായി.