വിജയലക്ഷ്മി കൊലപാതകം : പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി
1482914
Friday, November 29, 2024 1:50 AM IST
അമ്പലപ്പുഴ: അമ്പലപ്പുഴ കരൂരില്‍ കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അമ്പലപ്പുഴ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. പുറക്കാട് പഞ്ചായത്ത് മൂന്നാം വാർഡ് കരൂർ ഐവാട്ടുശേരി ജയചന്ദ്രനെ (53) യാണ് ഇന്നലെ അമ്പലപ്പുഴ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
ഇന്നു കൂടുതല്‍ ചോദ്യം ചെയ്തതിന് ശേഷം തെളിവെടുപ്പ് നടത്തും. കൊലപാതകവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി പോലീസായിരുന്നു കേസെടുത്തത്. കൊല നടത്താൻ ഉപയോഗിച്ച വെട്ടുകത്തി മാത്രമാണ് പോലീസിന് തെളിവായി ലഭിച്ചത്. തുടരന്വേഷണത്തിനായി കേസ് കഴിഞ്ഞ ദിവസം അമ്പലപ്പുഴ പോലീസിന് കൈമാറിയിരുന്നു.
വ്യാഴാഴ്ച അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മറ്റ് തെളിവുകള്‍കൂടി ശേഖരിക്കുന്നതിനായി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് അമ്പലപ്പുഴ കോടതിയെ സമീപിച്ചിരുന്നു. കൃത്യം നടന്ന സമയം പ്രതി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ,
കരുനാഗപ്പള്ളിയിൽ നിന്ന് ജയചന്ദ്രനൊപ്പം വിജയലക്ഷ്മി പോരുമ്പോൾ ഇവർ കൈയിൽ കരുതിയ ബാഗ്, കിറ്റ്, വസ്ത്രങ്ങൾ, കൊല നടത്തിയശേഷം വിജയലക്ഷ്മിയെ വലിച്ചിഴച്ച് സമീപത്തെ പുരയിടത്തിൽ എത്തിച്ചതായി പറയുന്ന കയർ എന്നിവ ഇനിയും കണ്ടെത്താനുണ്ട്. പ്രധാനമായും ഇവ കണ്ടെത്താനാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങുക.
തെളിവെടുപ്പിനുശേഷം മൂന്നിന് തിരികെ കോടതിയില്‍ ഹാജരാക്കും. ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന വിജയലക്ഷ്മിയെ കഴിഞ്ഞ ഏഴിനാണ് ജയചന്ദ്രൻ ഇയാളുടെ കരൂരിലെ വീട്ടിൽ കൊലപ്പെടുത്തിയത്.
മത്സ്യത്തൊഴിലാളിയായ ജയചന്ദ്രനുമായി അടുപ്പത്തിലായ വിജയലക്ഷ്മിയെ ആറുമുതൽ കാണാനില്ലെന്നറിയിച്ച് ഇവരുടെ സഹോദരിയാണ് കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകിയത്. വിജയലക്ഷ്മിയുടെ ഫോൺ എറണാകുളത്തുനിന്ന് ലഭിച്ചതോടെയാണ് അന്വേഷണം ജയചന്ദ്രനിലേക്ക് എത്തിയതും ഇയാൾ പിടിയിലാകുന്നതും.