കായംകുളത്തെ റെയിൽ മെയിൽ സർവീസ് ഓഫീസ് അടച്ചുപൂട്ടുന്നു
1478196
Monday, November 11, 2024 4:56 AM IST
കായംകുളം: റെയില്‍വേ സ്റ്റേഷനോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തപാല്‍ വകുപ്പിന്റെ റെയില്‍ മെയില്‍ സര്‍വീസ് ഓഫീസ് അടച്ചുപൂട്ടുന്നു.ഓഫീസ് നിര്‍ത്താനുള്ള കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ഉത്തരവിനെതിരേ ജീവനക്കാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
ജീവനക്കാരുടെ സംഘടനയായ എന്‍എഫ്പിഇയുടെ നേതൃത്വത്തിലാണ് സമരം ശക്തമാക്കുന്നത്. കായംകുളം ജംഗ്ഷനില്‍നിന്നു വിവിധ സ്ഥലങ്ങളിലേക്ക് വേഗത്തില്‍ തപാലുകള്‍ എത്തിക്കാന്‍ 24 മണിക്കൂറും ബുക്കിംഗ് സംവിധാനമുള്ള ഓഫീസാണ് അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നത്.
41 സബ് പോസ്റ്റ് ഓഫീസുകളിലേക്കും നൂറോളം ബ്രാഞ്ച് ഓഫീസുകളിലേക്കും രജിസ്റ്റേര്‍ഡ്, ഓര്‍ഡിനറി തപാലുകള്‍ ഇവിടെ നിന്ന് അയയ്ക്കുന്നുണ്ട്. കായംകുളം ആര്‍എംഎസ് ഓഫീസ് നിര്‍ത്താനുള്ള ഉത്തരവ് നടപ്പാക്കിയാല്‍ കായംകുളം ആര്‍എംഎസില്‍നിന്ന് ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്കും പത്തനംതിട്ട, കൊല്ലം ജില്ലകളുടെ മലയോര പ്രദേശങ്ങളിലേക്കും തപാലുകള്‍ എത്തുന്നത് വൈകും.
ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ ഓഫീസിലെ മുപ്പതോളം ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരെ സ്ഥലം മാറ്റുകയും പന്ത്രണ്ട് താതകാലിക ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ടാകും. കായംകുളത്തെ ആര്‍എംഎസ് ഓഫീസ് നിര്‍ത്തലാക്കുന്നതിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ഉത്തരവുപ്രകാരം സംസ്ഥാനത്തെ പന്ത്രണ്ടില്‍ രണ്ട് വിഭാഗത്തിലുള്ള ആര്‍എംഎസ് ഓഫീസുകള്‍ സമീപത്തെ ഇന്‍ട്രാ സര്‍ക്കിള്‍ ഹബ്ബുമായി ലയിപ്പിക്കാനാണു തീരുമാനം. ഇതോടെ കായംകുളം ആര്‍എംഎസ് കൊല്ലത്തെ ഇന്‍ട്രാ സര്‍ക്കിള്‍ ഹബ്ബില്‍ ലയിക്കും.
നിലവില്‍ കായംകുളം ജംഗ്ഷനില്‍ വിവിധയിടങ്ങളിലേക്ക് വേഗത്തില്‍ തപാല്‍ ഉരുപ്പടികള്‍ എത്തിക്കാന്‍ സൗകര്യമുള്ള, 24 മണിക്കൂറും ബുക്കിംഗ് സംവിധാനമുള്ള ഓഫീസാണ് കായംകുളത്ത് പ്രവര്‍ത്തിക്കുന്നത്.
സ്പീഡ്, പാര്‍സല്‍ തപാലുകള്‍ കൊല്ലം ആര്‍എംഎസ് ഓഫീസ് കേന്ദ്രീകരിച്ച് ബാഗുകളാക്കി ഓഫീസിലെത്തിക്കുന്നു. ഉത്തരവ് നടപ്പാക്കിയാല്‍ രജിസ്റ്റേര്‍ഡ് തപാലുകള്‍ കൊല്ലം ഓഫീസിലാകും. ഇതോടെ തപാല്‍ ഉരുപ്പടികളെത്തിക്കുന്നതില് കാലതാമസം നേരിടും.
കേന്ദ്ര മന്ത്രിമാര്‍ക്ക് കത്തയച്ചു
റെയില്‍ മെയിൽ സര്‍വീസ് ഓഫീസ് അടച്ചുപൂട്ടുന്ന നടപടി ഒഴിാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനും കേന്ദ്ര ആശയ വിനിമയ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കും കേരളത്തിന്റെ പോസ്റ്റല്‍ -ടെലഗ്രാഫ്-റയില്‍വേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാനും കത്തയച്ചു.
ആര്‍എംഎസ് ഓഫീസ് കായംകുളത്ത് നിലനിര്‍ത്തുന്നതിനുള്ള അനുകൂല നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
-യു. പ്രതിഭ എംഎല്‍എ