കൊഴുക്കട്ട നേർച്ചയ്ക്ക് തുടക്കം കല്ലൂർക്കാട്ടുനിന്ന്
1461495
Wednesday, October 16, 2024 6:02 AM IST
മങ്കൊമ്പ്: ഇന്ന് പല പള്ളികളിലും കാണുന്ന കൊഴുക്കട്ട നേർച്ചയുടെ തുടക്കം കല്ലൂർക്കാട് പള്ളിയിൽനിന്നായിരുന്നുവെന്നാണ് ചരിത്രം. കൂനൻകുരിശു സത്യത്തെത്തുടർന്ന് സഭയിലുണ്ടായ പിളർപ്പുമൂലം പള്ളികളിൽ വിശ്വാസികൾ കുറഞ്ഞു. യാത്രാ സൗകര്യങ്ങൾ കുറവായിരുന്ന കുട്ടനാടിനെ ഇതേറെ ബാധിച്ചു.
ഈ സാഹചര്യത്തിൽ ഞായറാഴ്ചകളിൽ പള്ളിയിൽ ആളുകൾ കൂടുതൽ വരുന്നതിനു വേണ്ടി കൊഴുക്കട്ടയുണ്ടാക്കി ചിലതിൽ തങ്കക്കാശു വച്ച് വിതരണം ചെയ്തു. തങ്കക്കാശ് വച്ച കൊഴുക്കട്ട കിട്ടിയവർ പറഞ്ഞറിഞ്ഞ് കുട്ടനാടിന്റെ നാനാഭാഗത്തുനിന്നു വിശ്വാസികൾ ചമ്പക്കുളം പള്ളിയിലേക്ക് ഒഴികിയെത്തി.
തോമാശ്ലീഹാ സ്ഥാപിച്ച നിരണം പള്ളിയിൽനിന്നു വന്നവരാണ് കല്ലൂർകാട് പള്ളിയിലെ വിശ്വാസികൾ. ഒരിക്കൽ നിരണത്ത് പള്ളിയിൽ ഉണ്ടായ ഒരു സംഘട്ടനത്തിൽ വൈദികന്റെ ഭാര്യയുടെ കീഴ്കാത് മുറിഞ്ഞുപോയി. കല്ലൂർക്കാട്ടെ മാതാവിനോട് പ്രാർഥിച്ചപ്പോൾ അദ്ഭുതകരമായി ആ മുറിവ് കൂടിച്ചേർന്നെന്നാണ് പഴമക്കാർ പറയുന്നത്.
ഇതിന്റെ ഓർമയ്ക്കായി കീഴ്ക്കാതിന്റെ ആകൃതിയിലുണ്ടാക്കി കാഴ്ചവച്ച ഒരു നേർച്ച പലഹാരമാണ് അരിതരം എന്നാണ് ഐതിഹ്യം.