ചെങ്ങന്നൂർ ക്ഷേത്രത്തിലെ ആചാര ലംഘനം: ദേവസ്വം ബോർഡിന്റെ അനാസ്ഥയെന്ന്
1461085
Tuesday, October 15, 2024 12:20 AM IST
ചെങ്ങന്നൂർ: ദേവസ്വം ബോർഡിന്റെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഭക്തരോടുള്ള വെല്ലുവിളിയാണെന്ന് ശബരീശ്വര സേവാ സമിതി. കഴിഞ്ഞദിവസം ശ്രീകോവിലിനുള്ളിൽ ഭക്തനെ പ്രവേശിപ്പിച്ച പുജാരിക്കെതിരേ നടപടിയെടുക്കണം, ക്ഷേത്രത്തിൽ പരിഹാരക്രിയകൾ എത്രയും പെട്ടെന്ന് നടത്തണം, തുടർച്ചയായ ദേവസ്വം ബോർഡ് അനാസ്ഥയ്ക്കെതിരേ ശക്തമായ ഭക്തജന പ്രതിഷേധമാണ് ഉയരുന്നതെന്നും സേവാ സമിതി ആരോപിച്ചു.
യാതൊരു ആചാര അനുഷ്ഠാനങ്ങളും പാലിക്കാതെയാണ് ക്ഷേത്ര ജീവനക്കാരും പുജാരികളും ക്ഷേത്ര ആചാരങ്ങൾ നടത്തുന്നത്. തൃപ്പൂത്ത് ആറാട്ട് പോലുള്ള പ്രധാന വിശേഷ ദിവസങ്ങളിൽ ഭക്തർക്ക് മതിയായ സൗകര്യമോ, ആവശ്യത്തിന് ജീവനക്കാരെയോ നിയോഗിക്കുന്നില്ലെന്നും വൃത്തിഹീനമായ സാഹചരമാണ് ക്ഷേത്രവും പരിസരവും എന്ന് ഭക്തർ നിരന്തരം ആരോപിക്കുന്നു. ശബരിമലയുടെ പ്രധാന ഇടത്താവളം കൂടിയായ ക്ഷേത്രത്തിൽ എത്തുന്ന അയ്യപ്പ ഭക്തർക്ക് ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണ് അതിനാൽ അയ്യപ്പഭക്തർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.
ഇത്തരം വിഷയങ്ങളിൽ അടിയന്തര നടപടികൾ ദേവസ്വം ബോർഡ് സീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ വിവിധ ഹൈന്ദവ സംഘടനകളോട് ചേർന്ന് ഭക്തജനങ്ങളുടെ വലിയ നാമജപ പ്രതിഷേധം ഉണ്ടാകുമെന്ന് സേവാ സമിതി പ്രസിഡന്റ് ബിനു കുമാർ ചെങ്ങന്നൂർ, സെക്രട്ടറി പി.കെ. ദിലീപ്, വെസ് പ്രസിഡന്റ് ആനന്ദ് ശങ്കർ, ബിനു കെ. പിള്ള, മനോജ് എന്നിവർ പറഞ്ഞു.