കേന്ദ്രീയവിദ്യാലയത്തിനു ഭൂമി വിട്ടുനൽകണം എംപിയുടെ നേതൃത്വത്തിൽ ജനസഭ
1461082
Tuesday, October 15, 2024 12:20 AM IST
ചാരുംമൂട്: നൂറനാട് ഐടിബിപി ക്യാമ്പിനു സമീപം കേന്ദ്രീയ വിദ്യാലയത്തിനായി ലെപ്രസി സാനിറ്റോറിയം വളപ്പിൽനിന്ന് 1.73 ഏക്കർ ഭൂമി അധികമായി നൽകണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും ഒന്നിക്കുന്നു. കേന്ദ്രീയ വിദ്യാലയത്തിനായി സാനിറ്റോറിയം വളപ്പിൽ തന്നെ അധിക ഭൂമി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെ പലതവണ സമീപിച്ചെങ്കിലും ഇതുവരെ അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാർ ഐടിബിപി ക്യാമ്പിൽനിന്ന് 1.5 കിലോമീറ്റർ അകലെ റവന്യു പുറമ്പോക്കിൽ 1.73 ഏക്കർ ഭൂമി നൽകാമെന്ന് അറിയിച്ചെങ്കിലും കേന്ദ്ര പിഡബ്ല്യുഡി മാനദണ്ഡങ്ങൾ പ്രകാരം ഈ സ്ഥലം അനുയോജ്യമല്ലെന്ന് സ്ഥലം പരിശോധിച്ച സംഘങ്ങൾ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ, സ്ഥലം ലഭ്യമല്ലാത്തതിനാൽ, കേന്ദ്രീയ വിദ്യാലയം ലെപ്രസി സാനിറ്റോറിയം വളപ്പിൽ ആരംഭിക്കണമെന്നും ഇതിനായി യോഗ്യമായ ഭൂമി ഉടൻ വിട്ടുനൽകണമെന്നും ആവശ്യപ്പെടുന്ന ജനസഭ 21ന് ഉച്ചയ്ക്ക് മൂന്നിന് ഐടിബിപി ക്യാമ്പിന് കിഴക്കുവശം സംഘടിപ്പിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. സൈനിക, അർധ-സൈനിക വിഭാഗങ്ങളിൽ സേവനം ചെയ്യുന്നവർ, വിരമിച്ച ഉദ്യോഗസ്ഥർ, പ്രദേശവാസികൾ തുടങ്ങിയവരുടെ കുട്ടികൾക്ക് സിബിഎസ്ഇ സിലബസിൽ കുറഞ്ഞ ചെലവിൽ പഠനത്തിന് അവസരം നൽകാൻ ഈ വിദ്യാലയം നിർണായകമാകുമെന്നും സാനിറ്റോറിയം ഭൂമി നൽകുന്നതിന് സംസ്ഥാന സർക്കാർ അടിയന്ത ര നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.