സ്കൂൾ കലോത്സവ മാനുവലിലെ മാറ്റം: പ്രതിഷേധവുമായി അധ്യാപക സംഘടനകൾ
1460692
Saturday, October 12, 2024 3:12 AM IST
കായംകുളം: സ്കൂള്‍ കലോത്സവത്തിലെ മാനുവലില്‍ ഇത്തവണ മാറ്റം വരുത്താനുള്ള തീരുമാനത്തിനെതിരേ പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍ രംഗത്ത്. സ്കൂള്‍ കലോത്സവത്തില്‍ നിലവിലെ രീതിയില്‍ മാറ്റം വരുത്താതെ മുന്‍വര്‍ഷങ്ങളിലേതുപോലെ അറബിക്, സംസ്കൃതം സാഹിത്യ മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജനറല്‍ വിഭാഗത്തിലും മത്സരിക്കുന്നതിന് അവസരം നല്‍കുന്നതിന് വിദ്യാഭ്യാസവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും മാനുവലിലെ പുതിയ നിര്‍ദേശം പിന്‍വലിക്കണമെന്നും കേരള അറബിക് മുന്‍ഷീസ് അസോസിയേഷന് റവന്യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പുതിയ നിര്‍ദേശങ്ങള്‍ മൂലം സ്കൂള്‍ തലത്തില്‍നിന്ന് സബ് ജില്ലയിലേക്ക് കുട്ടികളെ പങ്കെടുപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
ഇത് വിദ്യാര്‍ഥികളെ മാനസികമായി തളര്‍ത്തുന്നതും വിദ്യാര്‍ഥികളുടെ അവസരം നഷ്ടപ്പെടുത്തുന്നതും അറബിക് സാഹിത്യോത്സവം, സംസ്കൃതോത്സവം എന്നിവ ഇല്ലാതാക്കുന്ന നടപടിയില്‍നിന്ന് വിദ്യാഭ്യാസവകുപ്പ് പിന്തിരിയണമെന്നാവശ്യപ്പട്ട് കെഎഎംഎ ആലപ്പുഴ ജില്ല കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ് സഅദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന സെക്രട്ടറി അനസ് എം. അഷറഫ് ഉദ്ഘാടനം ചെയ്തു.