അറപ്പപ്പൊഴിയുടെ സൗന്ദര്യം ആസ്വദിക്കാൻ തിരക്കേറി
1460690
Saturday, October 12, 2024 3:12 AM IST
അമ്പലപ്പുഴ: പ്രകൃതി കനിഞ്ഞു നല്കിയ അറപ്പപ്പൊഴിയും തീരവും കാണാനും ആസ്വദിക്കാനും സന്ദര്‍ശകരുടെ തിരക്കേറി. പുന്നപ്ര വടക്ക് പഞ്ചായത്തിന്റെ തീരപ്രദേശമാണ് അറപ്പപ്പൊഴി. കടലിനോട് ചേര്‍ന്ന് ഇടതൂര്‍ന്ന് നില്ക്കുന്ന കാറ്റാടി മരങ്ങളാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം.
തീരദേശറോഡിലെ അറപ്പപ്പൊഴിക്കു കുറുകെയുള്ള പാലത്തില്‍ നിന്നാല്‍ പടിഞ്ഞാറ് കടലും കിഴക്ക് പൊഴിയും ചുറ്റുമുള്ള കാടുകളും കണ്ടാല്‍ കുട്ടനാടിന്റെ ദൃശ്യഭംഗിയാണ് ലഭിക്കുക. ഇവിടുത്തെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ വൈകുന്നേരങ്ങളില്‍ നിരവധി പേരാണ് എത്തുന്നത്. സൂര്യാസ്തമയം കാണാനാണ് കുട്ടികളും മുതിര്‍ന്നവരും അധികവും എത്തുന്നത്.
സന്ദര്‍ശകരുടെ തിരക്കു കൂടിയതോടെ തീരത്ത് ചായക്കടകളും തട്ടുകടകളും ഐസ്ക്രീം പാര്‍ലറുകളും സ്ഥാനം പിടിച്ചുകഴിഞ്ഞു. തിരക്കുള്ള ദിവസങ്ങളില്‍ 400 പാക്കറ്റ് പാലിന്റെ ചായ വില്‍പ്പന നടക്കുന്നുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. തീരസൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നവര്‍ മാത്രമല്ല, അറപ്പപ്പൊഴി കടലോരത്തും കാറ്റാടി കൂട്ടത്തിലും വധുവരന്മാര് ഫോട്ടോ ഷൂട്ടിനായും എത്താറുണ്ട്. കൂടാതെ ചില സീരിയല്‍ ലൊക്കേഷനുകള്‍ക്കും അറപ്പപ്പൊഴി തീരം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
തീരദേശറോഡിന്റെ വികസനത്തോടെയാണ് അറപ്പപ്പൊഴിയുടെ മഹത്വം സഞ്ചാരികള്‍ തിരിച്ചറിയുന്നത്. തിരക്കൊഴിഞ്ഞ പാതയിലൂടെ യാത്ര ചെയ്യുന്നവരാണ് പ്രദേശത്തെ ആദ്യം മനസിലേറ്റുന്നത്. പാലവും പാലത്തില്‍നിന്നുള്ള കടലി ന്റെയും പൊഴിയുടെയും കാഴ്ചകളും കണാനെത്തിയവര്‍ കാറ്റാടിക്കൂട്ടത്തില്‍ ഇരുന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതാേടെയാണ് ആസ്വാദകരുടെ തിരക്കേറിയത്.
നാലുവര്‍ഷമായി പൊഴിയില്‍ പൊന്തുവള്ളങ്ങളുടെ മത്സക്കളികളും നടക്കാറുണ്ട്. നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തില്‍ ഡിസംബറിലാണ് പൊന്തുവള്ളം കളി നടക്കുന്നത്. ഇത് കാണാനും നിരവധി പേരാണ് അറപ്പപ്പൊഴി തീരത്തെത്തുന്നത്.
ആലപ്പുഴ ബീച്ചില്‍ എത്തുന്നവര്‍ക്ക് തീരദേശറോഡിലൂടെ വാടപ്പോഴിപ്പാലത്തിലൂടെ മൂന്ന് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ അറപ്പൊഴി തീരത്തെത്താനാകും. പൊഴിയും തീരവും വൃത്തിയാക്കി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ പെഡസ്റ്റല്‍ ബോട്ടുകള്‍ ഏര്‍പ്പെടുത്തിയാല്‍ അറപ്പപ്പൊഴി തീരവും വിനോദസഞ്ചാര രേഖകളില്‍ ഇടം പിടിക്കാനാകും.
കിലോമീറ്ററുകളോളം നീണ്ടുനിവര്‍ന്നു കിടന്ന അറപ്പപ്പൊഴി 300 മീറ്ററോളം നീളത്തിലും 200 മീറ്ററോളം വീതിയിലും ഒതുങ്ങി. ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്തുണ്ടായിരുന്ന കരപ്പാടം വരെ ഉണ്ടായിരുന്നതാണ് അറപ്പപ്പൊഴി.
1970 കളില്‍ സ്കൂട്ടര്‍ ഫാക്ടറിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് അറപ്പപ്പൊഴി ചുരുങ്ങിയതെന്നാണ് തീരദേശവാസികള്‍ പറയുന്നത്. പിന്നീട് റെയില്‍വേ വന്നതോടെയാണ് നിലവിലെ സ്ഥിതിയിലേക്ക് പൊഴിയുടെ വിസ്തൃതികുറഞ്ഞത്. മഴക്കാലത്ത് കരപ്രദേശത്തെ വെള്ളം കടലിലേക്ക് ഒഴുകി മാറുന്നതിന് പ്രകൃതി കനിഞ്ഞതായിരുന്നു അറപ്പപ്പൊഴി.