അരൂര്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനം അവതാളത്തില്‍
1460505
Friday, October 11, 2024 5:49 AM IST
തുറവൂര്‍: കൊച്ചിയുടെ ഉപഗ്രഹനഗരമെന്നറിയപ്പെടുന്ന അരൂര്‍ പഞ്ചായത്തില്‍ സെക്രട്ടറിയില്ലാതായിട്ട് ആറുമാസം. പഞ്ചായത്തില്‍ സെക്രട്ടറിയടക്കം നിര്‍വഹണ ഉദ്യോഗസ്ഥരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നതുമൂലം ഓഫീസ് പ്രവര്‍ത്തനം താളം തെറ്റി. അടിയന്തരാവശ്യങ്ങള്‍ക്കു പഞ്ചായത്തിലെത്തുന്നവര്‍ക്ക് മതിയായ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ കൃത്യമായ സേവനം ലഭിക്കാത്ത സ്ഥിതിയാണുള്ളത്.
തീര്‍പ്പുകല്‍പ്പിക്കേണ്ട ഫയലുകളും ഓഫീസില്‍ കുന്നുകൂടുകയാണ്. ജൂണിയര്‍ സൂപ്രണ്ട്, സീനിയര്‍ യുഡി ക്ലാര്‍ക്ക്, രണ്ടു ഫുള്‍ടൈം സ്വീപ്പര്‍ എന്നീ തസ്തികകളിലും നിലവില്‍ പഞ്ചായത്തില്‍ ആളില്ല. ഒരു യുഡി ക്ലാര്‍ക്ക് ദീര്‍ഘകാല ലീവിന് അപേക്ഷിച്ചിരിക്കുകയാണ്.
ആകെ 18 സ്ഥിരം ജീവനക്കാര്‍ ഉള്ള പഞ്ചായത്തില്‍ അഞ്ചു തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. നിലവിലുണ്ടായിരുന്ന പഞ്ചായത്ത് സെക്രട്ടറി മാര്‍ച്ച് മാസത്തില്‍ ഇലക്ഷന് ഡ്യൂട്ടിക്കായി പോയതാണ്. തുടര്‍ന്ന് അദ്ദേഹം വോളന്ററി റിട്ടയര്‍മെന്റ് എടുത്തു. പകരം ആളെ ഇതുവരെയും പഞ്ചായത്തില്‍ നിയമിച്ചിട്ടില്ല.
സെക്രട്ടറിയുടെയും ജൂണിയര്‍ സൂപ്രണ്ടിന്റെയും ചുമതല നിലവില്‍ വനിതാ അസി. സെക്രട്ടറിയ്ക്ക് നല്‍കിയിരിക്കുകയാണ്. അരൂര്‍ പഞ്ചായത്തില്‍ കൃഷി ഓഫീസറുടെ കസേരയും ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഓഫീസര്‍ ഇല്ലാത്തതിനാല്‍ കൃഷി ഓഫീസ് പ്രവര്‍ത്തനവും പ്രതിസന്ധിയിലാണ്. അസി. എന്‍ജിനിയര്‍ ഓഫീസില്‍ രണ്ട് ഓവര്‍സിയര്‍ തസ്തികയിലും ഒരാളുടെ ഒഴിവുണ്ട്. 22 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്. ജീവനക്കാരുടെ കുറവ് പഞ്ചായത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നും സര്‍ക്കാരിലും ഉന്നത ഉദ്യോഗസ്ഥരിലും പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിട്ടും നടപടി വൈകുകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാഖി ആന്റണിയും സമ്മതിക്കുന്നു.