സേവന നികുതി വര്‍ധന: ഹൗസ്ബോട്ട് സംയുക്തസമിതി പ്രക്ഷോഭത്തിലേക്ക്
1460495
Friday, October 11, 2024 5:49 AM IST
ആലപ്പുഴ: സംസ്ഥാനത്ത് ഹൗസ്ബോട്ട് മേഖലയില്‍ നിലനില്‍ക്കുന്ന അഞ്ചു ശതമാനം സേവന നികുതി യാതൊരു മുന്നറിയിപ്പുമില്ലാതെ 18 ശതമാനമായി ഉയര്‍ത്തിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഓള് കേരള ഹൗസ്ബോട്ട് ഓണേഴ്സ് സംയുക്ത സമിതി. ഹൗസ്ബോട്ടുകളെ ചരക്കുയാത്രാ വാഹനങ്ങളുടെ പട്ടികയിലേക്ക് മാറ്റിയാണ് നികുതി വര്‍ധനവിനുള്ള വഴി കണ്ടെത്തിയിരിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു.
നെഹ്റുട്രോഫി വള്ളംകളി തീയതിയില്‍ ഉണ്ടായ മാറ്റവും കഴിഞ്ഞ കാലങ്ങളിലെ പൂജാ സീസണുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം ബുക്കിംഗിലും സഞ്ചാരികളുടെ വരവിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവും മൂലം ഹൗസ്ബോട്ട് വ്യവസായം നിലനില്പിനായി ക്ലേശിക്കുന്ന സമയത്താണ് പുതിയ നികുതി നിര്‍ദേശവുമായി സര്‍ക്കാരും ഉദ്യോഗസ്ഥരും എത്തിയിരിക്കുന്നെന്നും സംയുക്ത സമരസമിതി നേതാക്കളായ പ്രസിഡന്റ് എ. അനസ്, സെക്രട്ടറി ലൈജു മാതിരംപള്ളി എന്നിവര്‍ കുറ്റപ്പെടുത്തി.
നികുതി ഉയര്‍ത്തലും ഇതര സര്‍ക്കാര്‍ നയങ്ങളും കേരളത്തിലെ വിനോദസഞ്ചാര മേഖലയെ പാടെ തകര്‍ക്കും. നികുതി പിന്‍വലിക്കാന്‍ തയാറായില്ലെങ്കില്‍ നികുതി നിഷേധമടക്കമുള്ള പ്രത്യേക സമരപരിപാടികള്‍ ആരംഭിക്കുമെന്ന് സംയുക്ത സമിതി മുന്നറിയിപ്പ് നല്കി.