കാട്ടുപന്നിക്കുവച്ച കെണിയിൽനിന്നു ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
1460111
Thursday, October 10, 2024 12:11 AM IST
ചാരുംമൂട്: കാട്ടുപന്നിയെ തുരത്താൻവച്ച അനധികൃത വൈദ്യുതി കെണിയിൽ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നൂറനാട് പാലമേൽ ഉളവക്കാട് ഗോപഭവനത്തിൽ ഗോപകുമാറി(45)നെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. നൂറനാട് മറ്റപ്പള്ളി രാജ് ഭവനത്തിൽ രാഹുൽരാജ് (32) ആണ് കഴിഞ്ഞ മാസം കൂട്ടുകാർക്കൊപ്പം മീൻ പിടിക്കാൻ പോകുന്നതിടയിൽ വയലിൽവച്ച് കാട്ടുപന്നിയെ തുരത്താൻവച്ച വൈദ്യുതി കെണിയിൽ തട്ടി ഷോക്കേറ്റ് മരിച്ചത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ ചെങ്ങന്നൂർ മുളക്കുഴയിൽനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവം നടന്ന്ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിനെതിരേ കൊടിക്കുന്നിൽ സുരേഷ് എംപി ഉൾപ്പെടെ പ്രതിഷേധയുമായി കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു.
അനധികൃത വൈദ്യുതി കെണി സ്ഥാപിച്ചയാളെയും വൈദ്യുതി നൽകിയ ആളെയും കൊലപാതക കുറ്റത്തിനു കേസെടുത്ത് അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് ജില്ലാ പോലീസ് മേധാവിയെ ഫോണിൽവിളിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടിരുന്നു.
രാഹുൽരാജിന്റെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു അടിയന്തരമായി ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.