വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെതിരെയുള്ള ആർഎസ്എസ് നേതാവിന്റെ പ്രസ്താവന പ്രതിഷേധാർഹം: കൊടിക്കുന്നിൽ സുരേഷ്
1460095
Thursday, October 10, 2024 12:10 AM IST
മാവേലിക്കര: ഗോവയിലെ ആര്‍എസ്എസ് നേതാവായ സുഭാഷ് വേലിംഗ്കറിന്റെ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെതിരായ ആക്ഷേപകരമായ പ്രസ്താവനകള്‍ക്കെതിരേ പ്രതിഷേധം അറിയിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. ഇത്തരം പ്രസ്താവനകള്‍ ഗോവയിലെ ക്രൈസ്തവ സമൂഹത്തെയും വിശുദ്ധനെ ആരാധിക്കുന്ന മറ്റ് മതവിഭാഗങ്ങളെയും ആഴത്തില്‍ വേദനിപ്പിച്ചിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി. പരാമര്‍ശം ഗോവയുടെ മത സൗഹാര്ദത്തിന്മേല് നേരിട്ടുള്ള ആക്രമണമാണ്.
മതപരമായ ഐക്യത്തില്‍ ഗോവ എന്നും മാതൃകയായിരുന്നുവെങ്കിലും മതഭിന്നത പരത്താനുള്ള ശ്രമങ്ങള്‍ അതീവ ഗൗരവമുള്ളതാണ്. ആര്‍എസ്എസ്, സംഘ് പരിവാര്‍ തുടങ്ങിയ സംഘങ്ങള്‍ സൃഷ്ടിക്കുന്ന ഈ ഭിന്നതകള്‍ സമൂഹത്തിലെ ഐക്യത്തെ അസ്ഥാനത്താക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിവാദ പരാമര്‍ശം നടത്തിയ ആര്‍എസ്എസ് നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സമാധാനപരമായി പ്രതിഷേധം നടത്തിയവര്‍ക്കെതിരേ പോലീസ് അനാവശ്യമായി കേസെടുത്ത നടപടി പോലീസ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗോവയുടെ സമാധാനപരമായ പാരമ്പര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും മതഭിന്നത പരത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു.