പരുമല ഉപദേശിക്കടവ് പാലം: പാഴ്വാക്കാകുമോ മന്ത്രിയുടെ പ്രഖ്യാപനം?
1459911
Wednesday, October 9, 2024 6:41 AM IST
മാന്നാർ: പരുമല ഉപദേശിക്കടവ് പാലം ഒക്ടോബറിൽ നാടിന് സമർപ്പിക്കുമെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം പ്രാവർത്തികമാകുമോയെന്ന ആശങ്കയിലാണ് പരുമല നിവാസികൾ. ഒക്ടോബറിൽ പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ സമ്മേളനത്തിൽ നിയമസഭയിൽ അറിയിച്ചു.
തിരുവല്ല എംഎൽഎ മാത്യു ടി. തോമസ് പാലവും അപ്രോച്ച് റോഡും സംബന്ധിച്ച് നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പാലത്തിന്റെ പണികൾ പൂർത്തീകരിച്ചുവെങ്കിലും പരുമല, വളഞ്ഞവട്ടം ഭാഗത്തേക്കുള്ള അപ്രോച്ച് റോഡിന്റെ നിർമാണം അനന്തമായി നീണ്ടതിനെത്തുടർന്നാണ് എംഎൽഎ സബ്മിഷൻ ഉന്നയിച്ചത്.
അപ്രോച്ച് റോഡിന്റെ നിർമാണം ഉൾപ്പെടെ പൂർത്തീകരിക്കാനുള്ള കാലക്രമം സംബസിച്ച ചോദ്യത്തിനാണ് പരുമല പെരുന്നാളിന് മുൻപ് എല്ലാം പൂർത്തിയാകുമെന്നു മന്ത്രി പറഞ്ഞത്. എന്നാൽ, പെരുനാളിന് കൊടിയേറാൻ ഇനി രണ്ടാഴ്ച മാത്രമുള്ളപ്പോൾ അപ്രോച്ച് റോഡ് നിർമാണം എങ്ങുമെത്താതെ നിൽക്കുകയാണ്.
അവസാനഘട്ട പണികൾ
ഒരു നാടിന്റെ നീണ്ടകാലത്തെ സ്വപ്നമായിരുന്നു പരുമല ഉപദേശിക്കടവ് പാലം യാഥാർഥ്യമാകുകയെന്നത്. പാലം പൂർത്തീകരിക്കുന്നത് സംബന്ധിച്ച മന്ത്രി നടത്തിയ പ്രഖ്യാപനം ഏറെ ആഹ്ളാദത്തോടെയാണ് പരുമല നിവാസികൾ വരവേറ്റത്.
ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ജനങ്ങൾക്ക് ഏറെ ആശ്വാസമാകുന്ന പാലത്തിന്റെ അവസാനഘട്ട പണികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പാലത്തിന്റെ പെയിന്റിംഗ് പണികൾ കൂടിയെ ഇനി പൂർത്തീകരിക്കാനുള്ളു. നാലു വർഷം മുൻപാണ് പാലത്തിന്റെ പണികൾ തുടങ്ങിയത്. ഇപ്പോൾ പാലത്തിലൂടെ കാൽനടക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും പോകാൻ കഴിയുന്നുണ്ട്.
പാലത്തിൽനിന്നു ചെങ്ങന്നൂർ - പരുമല റോഡിലെ തിക്കപ്പുഴയിലേക്കാണ് റോഡ് എത്തുന്നത്. നിരവധി വളവുകൾ ഉള്ളതിനാൽ വലിയ വാഹനങ്ങൾക്ക് ഇതുവഴി പോകാൻ ബുദ്ധിമുട്ടാണ്.
തിരക്കിൽപ്പെടാതെ
കടപ്ര പഞ്ചായത്തിലെ വളഞ്ഞവട്ടം, പരുമല പ്രദേശങ്ങളെ ബന്ധിപ്പിച്ച് പമ്പാനദിക്ക് കുറുകെയാണ് പാലം. സംസ്ഥാന ബജറ്റിൽ 25 കോടി രൂപ അനുവദിച്ച് 2020 സെപ്റ്റംബർ 17നാണ് പണി തുടങ്ങിയത്. 13 സ്പാനുകളിൽ ഫ്ലൈഓവർ മോഡലിലാണ് പാലം നിർമിച്ചത്.
വളഞ്ഞവട്ടം ഭാഗത്ത് ഏഴ് സ്പാനുകളും നദിയിൽ മൂന്ന് സ്പാനുകളും പരുമല ഭാഗത്ത് മൂന്ന് സ്പാനുകളുമാണ്. 271.50 മീറ്റർ നീളത്തിലും 11 മീററർ വീതിയിലുമാണ് പാലം രൂപകൽപന ചെയ്തിരിക്കുന്നത്. 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ട്.
15 വാർഡകളുള്ള കടപ്ര പഞ്ചായത്തിലെ പരുമലയിലുള്ള അഞ്ചു വാർഡുകളലുള്ളവർ ഇപ്പോൾ ആലപ്പുഴ ജില്ലയിലെ മാന്നാർ വഴി വേണം കടപ്രയിൽ എത്താൻ. പാലംപൂർത്തിയാകുന്നതോടെ കുറ്റൂർ, പ്രാവിൻകൂട്, കല്ലുങ്കൽ, വെൺപാല, തുകലശേരി പ്രദേശത്തുനിന്ന് ടൗണിലെ തിരക്കിൽപ്പെടാതെ വേഗത്തിൽ പരുമലയിലെത്താവുന്ന വഴിയായി മാറും.